സര്‍ക്കാര്‍ പരസ്യങ്ങളുടെ ഉള്ളടക്കം പരിശോധിക്കാനും നിയന്ത്രിക്കാനുമായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ച സമിതിയാണ്, ദില്ലി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി കോടികളുടെ പൊതുപണം ഉപയോഗിച്ചെന്ന് കണ്ടെത്തയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ നല്‍കിയ പരാതി അന്വേഷിച്ച ശേഷമാണ് സമിതിയുടെ കണ്ടെത്തല്‍. തെറ്റിധരിപ്പിക്കുന്ന രീതിയില്‍ ഭരണ നേട്ടങ്ങള്‍ പരസ്യം ചെയ്തു, സ്വയം പുകഴ്ത്തുന്ന പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചു, രാഷ്‌ട്രീയ പ്രതിയോഗികളെ ഉന്നം വച്ചുള്ള പരസ്യങ്ങള്‍ നല്‍കി, എന്നിങ്ങനെ 2015 മെയ് മാസത്തില്‍ സുപ്രീം കോടതി, സര്‍ക്കാര്‍ പരസ്യങ്ങളെ സംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവിന്റെ ലംഘനമാണ് ദില്ലി സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്നാണ് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ബി.ബി ടണ്ടന്‍ അധ്യക്ഷനായ മൂന്നംഗ സമിതിയുടെ കണ്ടെത്തല്‍. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ നടപടിയെടുക്കാനും, ഖജനാവിന് നഷ്‌ടമായ തുക സര്‍ക്കാരില്‍ നിന്ന് തന്നെ തിരിച്ചുപിടിക്കാനും സമിതി ശുപാര്‍ശ ചെയ്യുന്നുണ്ട്. പൊതുഖജനാവില്‍ നിന്നുള്ള പണം സ്വന്തം പ്രചാരണത്തിനായി ധൂര്‍ത്തടിക്കുകയാണന്ന് ആരോപിച്ച് കോണ്‍ഗ്രസിനും ബി.ജെ.പിക്കുമൊപ്പം മുന്‍ എ.എ.പി നേതാവ് പ്രശാന്ത് ഭൂഷണ്‍ അടക്കമുള്ളവര്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.