കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികള്‍ എവിടെയുണ്ടെന്നത് സംബന്ധിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ പൊലീസിന് നല്‍കിയത് സാധാരണക്കാരനായ ഒരാളാണെന്ന് എ.ഡി.ജി.പി ബി സന്ധ്യ പറഞ്ഞു. പൊലീസിന് സുപ്രധാന വിവരങ്ങള്‍ നല്‍കിയ ഇയാളെക്കുറിച്ചുള്ള ഒരു വിവരവും പുറത്തുവിടാനാവില്ല. ജനങ്ങളുമായി പൊലീസ് കൂടുതല്‍ അടുത്താല്‍ ഇത്തരം രഹസ്യ വിവരങ്ങള്‍ കിട്ടുമെന്നും ബി സന്ധ്യ കോട്ടയത്ത് പറഞ്ഞു.

അതേസമയം കേസില്‍ അറസ്റ്റിലായ പ്രതികളെ നടി തിരിച്ചറിഞ്ഞു. ആലുവ സബ് ജയിലില്‍ ഇന്ന് വൈകുന്നേരം നടന്ന തിരിച്ചറിയല്‍ പരേഡിലാണ് പ്രതികളെ നടി തിരിച്ചറിഞ്ഞത്. ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലായിരുന്നു തിരിച്ചറിയല്‍ പരേഡ് നടന്നത്. പ്രതികളായ മണികണ്ഠന്‍, മാര്‍ട്ടിന്‍, സലീം, പ്രദീപ് എന്നിവരെയാണ് തിരിച്ചറിയല്‍ പരേഡില്‍ പങ്കെടുപ്പിച്ചത്. നടി ഇവരെ തിരിച്ചറിഞ്ഞതോടെ അത് കേസില്‍ സുപ്രധാന തെളിവാകും.