കാസര്‍കോഡ്: വര്‍ഗീയ സംഘര്‍ഷങ്ങള്‍ ആവര്‍ത്തിക്കുന്ന കാസര്‍കോഡ് ജില്ലയില്‍ കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കിടയില്‍ ഒരു കേസില്‍ പോലും കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല.അഞ്ഞൂറോളം വര്‍ഗീയ സംഘര്‍ഷ കേസുകളാണ് ഈ കാലയളവില്‍ കാസര്‍കോഡ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൊലപാതകമടക്കമുള്ള 125ഓളം കേസുകളില്‍ പ്രതികൾ വിട്ടയക്കപ്പെട്ടപ്പോള്‍ ബാക്കി കേസുകളില്‍ കോടതികളില്‍ വിചാരണകള്‍ നീളുകയുമാണ്. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണ
ഇത് കുമ്പള ആരിക്കാടി ഇസ്മായിലിന്‍റെ വീട്.മത്സ്യതൊഴിലാളിയായിരുന്ന ഇസ്മായിലിന് മകൻ മുഹമ്മദ് അസറുദ്ദീനെ നഷ്ടപെട്ടിട്ട് ഏഴുവര്‍ഷങ്ങളായി.കാസര്‍കോഡ് കടന്തക്കാട് നിന്നും വീട്ടിലേക്ക് ബസ് കാത്തു നില്‍ക്കുമ്പോഴാണ് റോഡരുകില്‍ വച്ച് ഒരു സംഘം ആളുകള്‍ കുത്തികൊന്നത്.വിദേശത്തേക്ക് ജോലിക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടയിലായിരുന്നും കൊലപാതകം.അതോടെ തകര്‍ന്നത് ഈ കുടുംബത്തിന്‍റെ പ്രതീക്ഷയാണ്.മൂന്ന് വര്‍ഷം മുമ്പ് കേസിലെ പ്രതികളെയെല്ലാം തെളിവിന്‍റെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു.
കൊല്ലപെട്ടവരുടെ ബന്ധുക്കളുടെ അവസ്ഥ ഇതാണെങ്കില്‍ സംഘര്‍ഷങ്ങളില്‍ ഗുരുതരമായി പരിക്കേറ്റവരുടെ സ്ഥിതിയും വ്യത്യസ്ഥമല്ല.കൂലിപണിചെയ്തു കുടുംബം പുലര്‍ത്തുന്നവര്‍ പരിക്കേറ്റ് വീഴുന്നതോടെ പലകുടുംബങ്ങളിലും ഉപജീവനം തന്നെ പ്രതിസന്ധിയിലാവുകയാണ്.
കാഞ്ഞങ്ങാട് വാണിയമ്പാറയിലെ ശ്രീജിത്ത് തളര്‍ന്ന് വീണിട്ട് ആറ് വര്‍ഷമായി.കൂലിപണികഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ തലക്ക് ഏറ് കൊണ്ട് പരിക്കേറ്റതാണ്.അതോടെ ശരീരത്തിന്‍റെ ഒരുഭാഗം തളര്‍ന്നു.ഇപ്പോള്‍ നടക്കാനാവില്ല.രോഗിയും വ്യദ്ധയുമായ ഈ അമ്മ കൂലിപണിക്കുപോയികിട്ടുന്ന തുച്ഛവരുമാനംകൊണ്ടാണ് ശ്രീജിത്തിന്‍റെ ചികിത്സയും കുടുംബത്തിന്‍റെ ഉപജീവനവും മുന്നോട്ട് കൊണ്ടുപോകുന്നത്.
കാസര്‍കോട്ടെ കഴിഞ്ഞ പത്ത് വര്‍ഷത്തെ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ എട്ടുപേര്‍ക്കാണ് ജീവൻ പൊലിഞ്ഞത്.ഒരു കേസിലും പ്രതികള്‍ക്ക് ശിക്ഷയോ ഇരകള്‍ക്ക് നീതിയോ കിട്ടുന്നില്ല.ഒത്തുതീര്‍പ്പിലൂടെയും സാക്ഷികള്‍ കൂറുമാറിയും കാലമേറെ ചെല്ലുമ്പോള്‍ പരാതിക്കാര്‍ പിൻമാറിയുമൊക്കെ കേസുകള്‍ ദുര്‍ബലമാകുമ്പോള്‍ പ്രതികള്‍ക്ക് സുഖവാസം. ഇരകള്‍ക്ക് തീരാദുരിതവും.
