ഇന്ത്യക്കു പിന്നാലെ ഓജര്‍ കമ്പനിയിലെ തൊഴില്‍ പ്രശ്‌നത്തില്‍ വിവിധ രാജ്യങ്ങള്‍ ഇടപെടുന്നു. കമ്പനിയെ കരിമ്പട്ടികയില്‍പെടുത്തിയതായി ഫിലിപ്പീന്‍സ് അറിയിച്ചു. കമ്പനിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.

സൗദി ഓജര്‍ കമ്പനിയില്‍ശമ്പളവും ഭക്ഷണവും ലഭിക്കാതെ മാസങ്ങളായി ദുരിതാവസ്ഥയില്‍ കഴിയുകയായിരുന്ന തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള ശ്രമം ഇന്ത്യ ഊര്‍ജിതമാക്കിയതിനുപിന്നാലെ മറ്റു രാജ്യങ്ങളും വിഷയത്തില്‍ ഇടപെടുന്നു. തൊഴിലാളികളുടെ പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്ന് ഫ്രാന്‍സ് സൗദി തൊഴില്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

ഈജിപ്ത്, മൊറോക്കോ, ബംഗ്ലാദേശ്, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളുടെയും എംബസികളും കോണ്‍സിലേറ്റുകളും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.

സൗദി ഓജര്‍ കമ്പനി ഉള്‍പ്പെടെയുള്ള ചില കോണ്‍ട്രക്റ്റിംഗ് കമ്പനികളെ ഫിലിപ്പൈന്‍സ് കരിംപട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ഫിലിപ്പൈന്‍ ഓവര്‍സീസ് കാര്യാലായ മേധാവി ഹാന്‍സ് കാക്ദാക് അറിയിച്ചിരുന്നു.

അതേസമയം സൗദി ഓജര്‍ കമ്പനിക്കെതിരെ 31000 പരാതികളാണ് തൊഴില്‍ മന്ത്രാലയത്തിനു ലഭിച്ചതെന്ന് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. കമ്പനിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കമ്പനി ഏറ്റെടുത്തിരുന്ന മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെപ്പിച്ചതായും മന്ത്രാലയം വ്യക്തമാക്കി. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് നല്‍കിവന്നിരുന്ന സേവനങ്ങളും മരവിപ്പിച്ചിട്ടുണ്ട്.


ഒമാനില്‍ നിന്നു പിരിഞ്ഞു പോകേണ്ടി വന്ന നഴ്‌സുമാരുടെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ വൈകുന്നു. ഗ്രാറ്റുവിറ്റിയായി ലഭിക്കേണ്ട തുക മുഴുവന്‍ നല്‍കുന്നില്ലെന്ന പരാതിയുമായി നഴ്‌സുമാര്‍ മസ്കറ്റ് ഇന്ത്യന്‍ എംബസിയെ സമീപിച്ചു.