Asianet News MalayalamAsianet News Malayalam

ടാര്‍ഗറ്റ് കൈവരിക്കാത്ത ജീവനക്കാരെ നടുറോഡില്‍ മുട്ടിലിഴയിച്ച കമ്പനി പൂട്ടിച്ച് അധികൃതര്‍- വീഡിയോ

കമ്പനി പതാക പിടിച്ച് മുന്‍പില്‍ പോകുന്ന ആളുടെ പിന്നാലെ റോഡിലൂടെ മുട്ടില്‍ ഇഴയുന്ന ജീവനക്കാരുടെ വീഡിയോ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് പുറത്ത് വന്നത്. പൊലീസ് ഇടപെട്ടതിനെ തുടര്‍ന്നായിരുന്നു ശിക്ഷാ നടപടി അവസാനിപ്പിച്ചത്. 

company forces employees to crawl on road as punishment for not completing targets
Author
China, First Published Jan 17, 2019, 1:32 PM IST

ബെയ്ജിങ്: കമ്പനി നിര്‍ദേശിച്ച നിശ്ചിത ടാര്‍ഗറ്റ് കൈവരിക്കാന്‍ സാധിക്കാത്ത ജീവനക്കാര്‍ക്ക് മാതൃകാപരമായി ശിക്ഷ നല്‍കിയ കമ്പനി പൂട്ടി. കമ്പനി നടപടിയെക്കുറിച്ച് രൂക്ഷ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. സ്ത്രീകള്‍ അടക്കമുള്ള ജീവനക്കാരെ നടുറോഡില്‍ മുട്ടില്‍ ഇഴയിച്ചായിരുന്നു കമ്പനിയുടെ ശിക്ഷ. 

വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്. വാര്‍ഷിക ടാര്‍ഗറ്റ് കൈവരിക്കാത്തവര്‍ക്കായിരുന്നു കമ്പനിയുടെ ശിക്ഷ.  കമ്പനി പതാക പിടിച്ച് മുന്‍പില്‍ പോകുന്ന ആളുടെ പിന്നാലെ റോഡിലൂടെ മുട്ടില്‍ ഇഴയുന്ന ജീവനക്കാരുടെ വീഡിയോ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് പുറത്ത് വന്നത്. പൊലീസ് ഇടപെട്ടതിനെ തുടര്‍ന്നായിരുന്നു ശിക്ഷാ നടപടി അവസാനിപ്പിച്ചത്. 

ശിക്ഷാ നടപടിയില്‍ വഴിയാത്രക്കാര്‍ സ്തബ്ദരായി നില്‍ക്കുന്ന കാഴ്ചയും വീഡിയോയില്‍ കാണാന്‍ സാധിക്കും. കമ്പനിയുടെ ഇന്‍സെന്റീവ് ചട്ടങ്ങളെക്കുറിച്ചും വ്യാപകമായ രീതിയില്‍ പരാതി ഉയരുകയും ചെയ്തതോടെയാണ് കമ്പനി അടച്ച് പൂട്ടാന്‍ അധികൃതര്‍ തീരുമാനിച്ചത്. വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ പൊതുസമൂഹത്തില്‍നിന്നു കടുത്ത എതിര്‍പ്പാണു കമ്പനിക്കെതിരെ ഉയര്‍ന്നത്. 

ചൈനീസ് കമ്പനികളില്‍ ഇതാദ്യമല്ല ഇത്തരം വിചിത്രമായ ശിക്ഷാരീതികള്‍ നടപ്പാക്കുന്നത്. മോശം പ്രകടനം കാഴ്ചവച്ച ജീവനക്കാരുടെ കരണത്തടിക്കുന്ന വിഡിയോ കഴിഞ്ഞ വര്‍ഷം പുറത്തുവന്നിരുന്നു. മോശം പ്രകടനം കാഴ്ചവെച്ച ജീവനക്കാരെ ചാട്ടകൊണ്ട് അടിക്കുന്ന ദൃശ്യങ്ങൾ ഇതിന് മുമ്പ് വൈറലായിരുന്നു.

Follow Us:
Download App:
  • android
  • ios