സംഭവവുമായി ബന്ധപെട്ട് കുര്യന്റെ സഹോദരന്‍ ദേവസ്യ (62), മകന്‍ ജോണ്‍സണ്‍ (32) എന്നിവരെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.

ഇടുക്കി: മദ്ധ്യവയസ്‌കനെ സഹോദരനും സഹോദര പുത്രനും ചേര്‍ന്ന് കെട്ടിയിട്ട് മര്‍ദ്ധിച്ചു. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ചെമ്മണ്ണാര്‍ കല്ലടയില്‍ കുര്യന്‍ (56) നാണ് മര്‍ദ്ധനമേറ്റത്. കഴിഞ്ഞ ദിവസം ചെമ്മണ്ണാറില്‍ പോയി വരികയായിരുന്ന ഇയാളെ സഹോദരന്‍ ദേവസ്യയും മകന്‍ ജോണ്‍സണും ചേര്‍ന്ന് ബലമായി അവരുടെ വീട്ടിലേയ്ക്ക് എടുത്ത് കൊണ്ടു പോവുകയും പിന്നീട് മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ധിക്കുകയുമായിരുന്നു. 

വായില്‍ കല്ല് തിരികി മര്‍ദ്ധിച്ചെന്നും മൂന്ന് പല്ലുകള്‍ നഷ്ടമായെന്നും കുര്യന്‍ പറയുന്നു. വടി ഉപയോഗിച്ച് ഇരുവരും ചേര്‍ന്ന് ഇയാളെ ക്രൂരമായി മര്‍ദ്ധിക്കുകയും ചെയ്തു. മര്‍ദ്ധനത്തെ തുടര്‍ന്ന് ശരീരമാസകലം ചതവ് പറ്റിയിട്ടുണ്ട്. സംഭവമറിഞ്ഞ് നാട്ടുകാര്‍ വിവരം പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് സംഭവ സ്ഥലത്ത് എത്തിയ പോലിസ് ഉദ്യോഗസ്ഥരാണ് ഇയാളെ മോചിപ്പിയ്ക്കുകയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തത്.

സംഭവവുമായി ബന്ധപെട്ട് കുര്യന്റെ സഹോദരന്‍ ദേവസ്യ (62), മകന്‍ ജോണ്‍സണ്‍ (32) എന്നിവരെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. ദേവസ്യയുമായി വഴി തര്‍ക്കം നിലവിലുണ്ടെന്നും ഇത് സംബന്ധിച്ച് ഇരുവരും ചേര്‍ന്ന് നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണെന്നും മര്‍ദ്ധനത്തിനിരയായ കുര്യന്‍ പറയുന്നു. ഇരുവരും മേഖലയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിയ്ക്കുകയാണെന്നും ഇയാള്‍ ആരോപിച്ചു.