Asianet News MalayalamAsianet News Malayalam

ശബരിമലയില്‍ ജഡ്ജിയെയും തടഞ്ഞു; നിരോധനാജ്ഞ ഭരണഘടനാ വിരുദ്ധമെന്നും ഹർജിക്കാർ ഹൈക്കോടതിയില്‍

ശബരിമലയിൽ ജഡ്‌ജിയെയും പോലീസ് തടഞ്ഞതായി ആരോപണം. പോലീസ് നിയന്ത്രണങ്ങൾക്കെതിരായി ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന ഹര്‍ജികളുടെ വാദത്തിനിടെയാണ് ഇക്കാര്യം ഉന്നയിച്ചത്. ജഡ്ജിയുടെ പേരെടുത്ത്പ രാമർശിക്കാതെയായിരുന്നു ഹർജിക്കാരുടെ ആരോപണം. 

complainants arguments against police in sabarimala restrictions
Author
Kerala, First Published Nov 26, 2018, 2:32 PM IST

കൊച്ചി: ശബരിമലയിൽ ജഡ്‌ജിയെയും പോലീസ് തടഞ്ഞതായി ആരോപണം. പോലീസ് നിയന്ത്രണങ്ങൾക്കെതിരായി ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന ഹര്‍ജികളുടെ വാദത്തിനിടെയാണ് ഇക്കാര്യം ഉന്നയിച്ചത്. ജഡ്ജിയുടെ പേരെടുത്ത് പരാമർശിക്കാതെയായിരുന്നു ഹർജിക്കാരുടെ ആരോപണം. കഴിഞ്ഞ വെള്ളിയാഴ്ച ശബരിമല ദർശനത്തിന് എത്തിയ ഹൈക്കോടതി ജഡ്ജിയുടെ വാഹനം പൊലീസുകാർ തടഞ്ഞതായി ആക്ഷേപങ്ങൾ ഉയർന്നിരുന്നു.

ഉദ്യോഗസ്ഥർ പിന്നീട് മാപ്പുപറഞ്ഞതായും സൂചനയുണ്ട്. വിഷയം ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിലും ജഡ്ജി പരാതിയായി ഉന്നയിച്ചിട്ടില്ല. അതിനിടെയാണ് ഹര്‍ജിക്കാർ ഇത് ഉന്നയിച്ചത്. ശബരിമല പോലൊരു ക്ഷേത്രത്തിൽ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ ഭരണഘടനാ വിരുദ്ധമെന്നും ഹർജിക്കാർ വാദിച്ചു. ശബരിമലയിലെ പോലീസ് നടപടികൾക്ക് എതിരായ ഹർജികളിൽ നാളെയും വാദം തുടരും.

വാവരു നടയിൽ രണ്ടായിരണത്തിലധികം ആൾക്കാരെ ഉൾക്കൊള്ളാൻ കഴിയും എന്ന് ദേവസ്വം ബോർഡ്‌ സത്യവാങ്‌മൂലം നൽകിയിട്ടുണ്ട്, പിന്നെ എന്തിനാണ് അവിടെ ശരണം വിളിച്ച 69 പേരെ അറസ്റ്റ് ചെയ്തത്? ശരണ മന്ത്രം മുഴക്കുന്നത് ഭക്തരുടെ അവകാശമാണ്.

അങ്ങനെയെങ്കില്‍ ശരണമന്ത്രം മുഴക്കുന്നത് എങ്ങനെ നിരോധനാജ്ഞയുടെ ലംഘനം ആകും? ശബരിമലയിലെ കാര്യങ്ങൾ ദേവസ്വം ബോർഡിന്‍റെ നിയന്ത്രണത്തിൽ അല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.സർക്കാർ നിർദേശം പാലിച്ച് പൊലിസ് സ്റ്റേഷനിൽ നിന്ന് പാസ് വാങ്ങിയാണ് തീർഥാടകർ പോകുന്നത്. എന്നിട്ടും അറസ്റ്റ് ചെയ്യുന്നു. 

ആരാധനാലയത്തിൽ വൻ തോതിൽ പൊലീസിനെ വൃന്യസിക്കുന്നത് ഭക്തി അന്തരീക്ഷം നഷ്ടമാക്കും. തീർഥാടകരെയും കുറ്റക്കാരെയും എങ്ങനെ തിരിച്ചറിയും? മുൻകാല ക്രിമിനൽ  റെക്കോർഡിന്‍റെ അടിസ്ഥാനത്തിലാണെങ്കിൽ കുറ്റം ചെയ്തവർക്ക് പ്രാർഥിക്കാൻ പാടില്ല എന്ന നിയമം രാജ്യത്തുണ്ടോ? എന്നും ഹർജിക്കാർ കോടതിയില്‍ ചോദിച്ചു. കേസ് വാദം തുടരുന്നതിനായി നാളത്തേക്ക് മാറ്റി.

Follow Us:
Download App:
  • android
  • ios