പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ച് രണ്ടാഴ്ച മുൻപാണ് ആമിനയും കുടുംബവും ശക്തിക്കുളങ്ങര പൊലീസ് സ്റ്റേഷന് മുന്നില്‍ സമരം നടത്തിയത്.

കൊല്ലം: കൊല്ലത്ത് സിപിഎം പ്രാദേശിക നേതാവിന്റെ ഭാര്യയും മകളും ചേര്‍ന്ന് വ്യാജരേഖകള്‍ ചമച്ച് വായ്പ തട്ടിയെടുത്ത കേസില്‍ പൊലീസ് അനാസ്ഥ കാണിക്കുന്നുവെന്നാരോപിച്ച് പരാതിക്കാരി അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. കൊല്ലം കളക്ട്രേറ്റ് മുന്നിലാണ് സമരം. പരാതിക്കാരി ആമിനയുമായി കളക്ടര്‍ സമവായ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല

പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ച് രണ്ടാഴ്ച മുൻപാണ് ആമിനയും കുടുംബവും ശക്തിക്കുളങ്ങര പൊലീസ് സ്റ്റേഷന് മുന്നില്‍ സമരം നടത്തിയത്. അന്ന് പൊലീസ് നല്‍കിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ലെന്നാരോപിച്ചാണ് കളക്ടറേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്. സിപിഎം ശക്തിക്കുളങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന ശശിധരന്റെ ഭാര്യ ജയശ്രീ, മകള്‍ ഇന്ദുജ, കാവനാട് സെൻട്രല്‍ ബാങ്ക് മാനേജര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവരാണ് പ്രതികള്‍. ഇതില്‍ ചിലരുടെ മുൻകൂര്‍ ജാമ്യം ഹൈക്കോടതിയുടെ പരിഗണനിയിലാണ്.

മറ്റുള്ളവരെ ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ പൊലീസ് തയ്യാറാകുന്നില്ലെന്നാണ് ആരോപണം. കൊല്ലം കളക്ട്രേറ്റിന് മുന്നില്‍ മക്കള്‍ക്കൊപ്പമാണ് ആമിന എത്തിയത്. ജില്ലാ കളക്ടര്‍ ഡോ. കാര്‍ത്തികേയൻ ഇവരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. എന്നാല്‍ കളക്ടറുടെ ചേംബറില്‍ വച്ച് ആമിന കുഴഞ്ഞുവീണു. ഇവരെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറ്റക്കാരെ അറസ്റ്റ് ചെയ്യുന്നത് വരെ സമരം തുടരുമെന്ന് ആമിന പറയുന്നു. അടുത്തയാഴ്ച മറ്റ് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നുണ്ടെന്നും ശേഷം തുടര്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് പൊലീസ് നിലപാട്.