വയനാട്ടിലെ മിക്ക മാര്‍ക്കറ്റുകളിലേക്കും ട്രോളിങ് ഇല്ലാത്ത സമയത്തും എത്തുന്നത് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സ്യങ്ങളാണ്.

വയനാട്: ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം ജില്ലയിലെ മാര്‍ക്കറ്റുകളിലേക്കും എത്തുന്നതായി പരിശോധനയില്‍ വ്യക്തമായതോടെ ജനം ആശങ്കയില്‍. രാസവസ്തുക്കള്‍ കലര്‍ന്ന മത്സ്യം കഴിഞ്ഞ ദിവസം സുല്‍ത്താന്‍ബത്തേരിയിലെ മത്സ്യ മാര്‍ക്കറ്റുകളില്‍ നിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. ഇതോടെ മറ്റ് മാര്‍ക്കറ്റുകളിലും ഇത്തരത്തിലുള്ള മത്സ്യങ്ങളുണ്ടെന്ന് ധാരണയില്‍ ഭൂരിപക്ഷം പേരും മത്സ്യം വാങ്ങുന്നത് തന്നെ ഒഴിവാക്കി. 

ഹോട്ടലുകളിലും മത്സ്യം കഴിക്കുന്നവര്‍ കുറഞ്ഞെന്ന് ഉടമകള്‍ പറഞ്ഞു. പഴകിയ മത്സ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ബത്തേരി കോട്ടക്കുന്നിലെ മത്സ്യമാര്‍ക്കറ്റ് അധികൃതരെത്തി അടച്ചുപൂട്ടി. ഇതിന് പുറമെ നഗരത്തിലെ ഒരു മാളിലെ സ്റ്റാളില്‍ നിന്നും ബീനാച്ചിയിലെ മാര്‍ക്കറ്റില്‍ നിന്നും രാസവസ്തുക്കള്‍ കലര്‍ന്ന മത്സ്യം പിടിച്ചെടുത്തിരുന്നു. വയനാട്ടിലെ മിക്ക മാര്‍ക്കറ്റുകളിലേക്കും ട്രോളിങ് ഇല്ലാത്ത സമയത്തും എത്തുന്നത് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സ്യങ്ങളാണ്. അപൂര്‍വ്വമായി സമീപ ജില്ലകളായ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്ന് മത്സ്യമെത്താറുണ്ട്. എന്നാല്‍ ഇത് ജില്ലയിലെ ഉപയോഗത്തിന് തികയാറില്ലെന്ന് ചില കച്ചവടക്കാര്‍ പറഞ്ഞു. 

പൊതുവില്‍ ഉണക്ക മീനടക്കം പൊള്ളുന്ന വിലയാണ് ജില്ലയിലുള്ളത്. ട്രോളിങ് സമയത്ത് ഇത് പിന്നെയും വർദ്ധിക്കും. പച്ചമീന്‍ കിട്ടാനില്ലാതായതോടെ ഇപ്പോള്‍ ഉണക്കമത്സ്യത്തിനാണ് വില വർദ്ധിക്കുന്നത്. ഉള്‍പ്രദേശങ്ങളിലാണെങ്കില്‍ ഉണക്കമത്സ്യം കിട്ടാനില്ലാത്ത അവസ്ഥയുമുണ്ട്. മത്സ്യലഭ്യത കുറഞ്ഞതോടെ കോഴി, താറാവ് മുട്ടകള്‍ക്ക് വില വര്‍ധിച്ചിട്ടുണ്ട്. നാല് രൂപ വരെ ഉണ്ടായിരുന്ന മുട്ടക്ക് ഉപ്പോള്‍ 4.50 ഉം അഞ്ചും രൂപ നല്‍കണമെന്നതാണ് സ്ഥിതി. നാടന്‍കോഴിമുട്ടക്ക് ഒന്നിന് ആറുരൂപ മുതലാണ് വില ഊടാക്കുന്നത്.