പൂനെ: ഗുജറാത്ത് എംഎല്‍എയും ദളിത് ആക്ടിവ്സ്റ്റുമായ ജിഗ്നേഷ് മെവാനിയ്ക്കും ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനുമെതിരെ പൊലീസില്‍ പരാതി. ഡിസംബര്‍ 31 ന് നടത്തിയ പ്രസംഗം പ്രകോപനപരമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവര്‍ക്കുമെതിരെ പരാതി നല്‍കിയിരിക്കുന്നത്. 

ഭീമ- കൊറെഗാവോണ്‍ പോരാട്ടത്തിന്റെ 200-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഡിസംബര്‍ 31 ന് ശനിവര്‍വാഡയില്‍ സംഘടിപ്പിച്ച എല്‍ഗര്‍ പരിഷത്തില്‍ ഇരുവരും നടത്തിയ പ്രസംഗം പ്രകോപനം സൃഷ്ടിക്കുന്നതാണെന്നാണ് പരാതിയില്‍ പറയുന്നത്. അക്ഷയ് ബിഗാദ്, അനന്ദ് ധോണ്ട് എന്നിവരാണ് ഡക്കാന്‍ ജിംഗാന പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. 

പ്രസംഗത്തിലൂടെ സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചു. ജനങ്ങളോട് തെരുവിലേക്കിറങ്ങി പ്രതികരിക്കാനാണ് ജിഗ്നേഷ് തന്റെ പ്രസംഗത്തില്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് ജനങ്ങള്‍ തെരുവിലേക്കിറങ്ങി പരിഭ്രാന്തി പരത്തിയെന്നും പരാതിക്കാര്‍ പറയുന്നു. പരാതി ലഭിച്ചതായി ഡെക്കാന്‍ ജിംഗാന പൊലീസ് അധികൃതര്‍ വ്യക്തമാക്കി. 

ദളിത് സംഘങ്ങളും ഹൈന്ദവ സംഘടനകളുടെ പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പുനെ ജില്ലയില്‍ കഴിഞ്ഞ ദിവസം ഒരാള്‍ മരിച്ചിരുന്നു. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ ദളിത് സംഘടനകള്‍ ഇന്ന് ബന്ദ് നടത്തുകയാണ്. കനത്ത സുരക്ഷയിലാണ് സംസ്ഥാനമുള്ളത്. അക്രമങ്ങള്‍ അരങ്ങേറിയ മഹാരാഷ്ട്രയിലെ താനെയില്‍ നാളെ അര്‍ദ്ധരാത്രി വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചു. 

ഇതിനിടെ ദളിത് സമരത്തെ അനുകൂലിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന വിവാദമായി. 1818 ജനുവരി 1ന് ദളിത് വിഭാഗക്കാരുടെ പട്ടാള യൂണിറ്റുകള്‍ ഉള്‍പ്പെട്ട ബ്രീട്ടീഷ് സേന മറാത്ത വിഭാഗക്കാരെ യുദ്ധത്തില്‍ പരാജയപ്പെടുത്തിയതാണ് ഭീമ കോറേഗാവ് പോരാട്ടം.