ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കോടിയേരി ബാലകൃഷ്ണനെതിരെ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത് യുഡിഎഫ് മൃദുഹിന്ദുത്വ സമീപനമെന്ന ആരോപണത്തിനെതിരെ
ചെങ്ങന്നൂര്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് പരാതി നല്കി. ചെങ്ങന്നൂര് ഉപ തെരഞ്ഞെടുപ്പില് യുഡിഎഫ് സ്ഥാനാർത്ഥി ഡി. വിജയകുമാറിന് മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുകയാണെന്ന പ്രസ്താവനയ്ക്കെതിരെയാണ് പരാതി.
സിപിഎം മുഖപത്രമായ ദേശാഭിമാനിയില് കഴിഞ്ഞ 18-ാം തീയതി കോടിയേരി എഴുതിയ ലേഖനമാണ് പരാതിക്കാധാരം. എന്ഡിഎ സ്ഥാനാര്ത്ഥി പി.എസ്. ശ്രീധരന്പിള്ളയെ നേരിടാന് കോണ്ഗ്രസ് കണ്ട ഉപായം മൃദുഹിന്ദുത്വത്തിന്റേതാണെന്ന് കോടിയേരി പറഞ്ഞിരുന്നു. ഹിന്ദുത്വ ശക്തികളെ പ്രീതിപ്പെടുത്താനാണ് ഹിന്ദു സംഘടനയുടെ ഭാരവാഹിയായ ഡി. വിജയകുമാറിനെ സ്ഥാനാര്ത്ഥിയാക്കിയതെന്നും കോടിയേരി ആരോപിച്ചിരുന്നു. ആരോപണത്തില് ഉറച്ചുനില്ക്കുന്നതായി കോടിയേരി പ്രതികരിച്ചു. കോണ്ഗ്രസിന്റെ ഒത്തുകളി രാഷ്ട്രീയമാണിതെന്നും കോടിയേരി ലേഖനത്തില് കുറ്റപ്പെടുത്തിയിരുന്നു.
സിപിഎം നേതാവും ദേശാഭിമാനി ചീഫ് എഡിറ്ററുമായ എം.വി. ഗോവിന്ദന്, കെ.ജെ. തോമസ് എന്നിവര്ക്കെതിരെ കോണ്ഗ്രസ് മാനനഷ്ടത്തിന് വക്കീല് നോട്ടീസുമയച്ചു. ചെങ്ങന്നൂര് കൊല്ലകടവ് സ്വദേശി വാസുദേവന് നായരുടെ സ്വത്തുകേസ് വാദിച്ച ഡി. വിജയകുമാര് കേസ് തോറ്റുകൊടുത്തുവെന്ന് ദേശാഭിമാനിയില് വാര്ത്ത വന്നിരുന്നു. 19 വര്ഷം മുന്പ് നടന്ന കേസ് കുത്തിപ്പൊക്കിയത് തെരഞ്ഞെടുപ്പ് മുന്നില്കണ്ടാണെന്നും മാപ്പ് പറഞ്ഞില്ലെങ്കില് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്കണമെന്നുമാണ് കോണ്ഗ്രസിന്റെ ആവശ്യം.
