കോഴിക്കോട്: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ച സംഭവത്തില്‍ കാന്തപുരം വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ള മടവൂര്‍ സി.എം മഖാം സെന്ററിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍. മഖാം സെന്റര്‍ അധികൃതര്‍ പലതും ഒളിക്കുന്നുണ്ടെന്നും ഇപ്പോള്‍ പിടികൂടിയിരിക്കുന്നത് യഥാര്‍ത്ഥ പ്രതിയെ അല്ലെന്നുമാണ് ഇവരുടെ പരാതി. ഇത് സംബന്ധിച്ച് പിതാവ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.
കോഴിക്കോട് മടവൂര്‍ സി.എം. മഖാം സെന്ററിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ അബ്ദുല്‍ മാജിദ് വെള്ളിയാഴ്ച രാവിലെയാണ് കുത്തേറ്റ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് കാസര്‍ക്കോട് മുളിയാര്‍ സ്വദേശി ഷംസുദ്ദീന്‍ അറസ്റ്റിലായിരുന്നു. എന്നാല്‍ ഇത് യഥാര്‍ത്ഥ പ്രതിയാണോ എന്ന് സംശയമുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
സി.എം മഖാം സെന്ററിലെ ജീവനക്കാരോ മറ്റാരെങ്കിലുമോ കുട്ടികളെ പ്രകൃതി വിരുദ്ധ ശാരീരിക പീഡനത്തിന് വിധേയമാക്കുന്നുണ്ടെന്നും ഇത് കണ്ടത് കൊണ്ട് മകനെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നുമുള്ള ഗുരുതരമായ ആരോപണമാണ് മാതാപിതാക്കളുടേത്. അന്വേഷണം ആവശ്യപ്പെട്ട് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.
ഇവിടെ നിന്ന് തന്നെ രക്ഷിക്കണമെന്നും ഇല്ലെങ്കില്‍ കൈ ഞരമ്പ് മുറിച്ച് ആത്ഹമത്യ ചെയ്യുമെന്നും മകന്റെ സുഹൃത്തുക്കളില്‍ ഒരാള് പറഞ്ഞിരുന്നുവെന്നും മറ്റൊരു വിദ്യാര്‍ത്ഥിയും ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നുവെന്നും മാതാപിതാക്കള്‍ പരാതിയില്‍ പറയുന്നു. ഇത് സംബന്ധിച്ചും അന്വേഷിക്കണം. ചുരുങ്ങിയത് ഡി.വൈ.എസ്.പി റാങ്കിലുള്ള ഒരാളെക്കൊണ്ട് മകന്റെ കൊലപാതകം അന്വേഷിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
