എംപിഐയ്ക്കെതിരെ ഡീലർമാർ  മാംസവിതരണം നിലച്ചതായി പരാതി  മൂന്ന് ആഴ്ചയായി ചരക്ക് നൽകിയില്ല  വനം വകുപ്പ് മന്ത്രിയ്ക്ക് പരാതി നൽകി

കൊച്ചി: പൊതുമേഖലാ സ്ഥാപനമായ മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യയിൽ നിന്നുള്ള മാംസവിതരണം ഭാഗികമായി നിലച്ചതായി പരാതി. മൂന്നാഴ്ചയായി മാംസം കിട്ടുന്നില്ലെന്നാണ് ഡീലർമാരുടെ പരാതി. മൃഗസംരക്ഷണവകുപ്പ് മന്ത്രിയ്ക്ക് പരാതി നൽകിയിരിക്കുകയാണ് ഇവർ.

മൃഗസംരക്ഷണ വകുപ്പിന് കീഴിൽ കൂത്താട്ടുകുളത്ത് പ്രവർത്തിക്കുന്ന മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യയിൽ നിന്ന് കഴിഞ്ഞ മൂന്ന് ആഴ്ചയായി ചരക്ക് കിട്ടുന്നില്ലെന്നാണ് ഡീലർമാരുടെ പരാതി. പന്നിയിറച്ചിയും കോഴിയിറച്ചിയുമാണ് സ്റ്റോക്കില്ലാത്തത്. പോത്തിറച്ചിയും മാട്ടിറച്ചിയും ആഴ്ചയിലൊരിക്കലായി. വിതരണം നടത്താത്തതിന്റെ കാരണം തിരക്കിയ സംഘടനാനേതാവിനോട് എംപിഐ എംഡി ധിക്കാരപരമായി പെരുമാറിയെന്നും ഇവർ പരാതിപ്പെടുന്നു.

സമയത്തിന് ചരക്ക് നൽകാത്തതിനൊപ്പം ഏകപക്ഷീയമായി എംപിഐ ഇവയുടെ വില കൂട്ടുന്നുവെന്നും ഡീലർമാർക്ക് പരാതിയുണ്ട്. എന്നാൽ നിപ്പ വൈറസ് മൂലം ആന്ധ്രയിൽ നിന്ന് ചരക്ക് എത്താത്തത് ആണ് പ്രതിസന്ധിക്ക് കാരണമെന്ന് എംപിഐ അധികൃതർ വിശദീകരിക്കുന്നു. കരാർ അനുസരിച്ച് മാത്രമാണ് വില കൂട്ടുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. മന്ത്രിക്ക് നൽകിയ പരാതിയിൽ അനുകൂല നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഡീലർമാർ.