ദളിതനായതിനാൽ പീഡിപ്പിക്കുന്നു, പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ പരാതി

തിരുവനന്തപുരം: പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹക്കെതിരെ ജീവനക്കാരന്റെ പരാതി. ദളിതനായതിനാൽ ഉന്നത ഉദ്യോഗസ്ഥൻ പീഡിപ്പിക്കുന്നെന്നാണ് മുഖ്യമന്ത്രിക്ക് ജീവനക്കാരന്‍ പരാതി നൽകിയിരിക്കുന്നത്. എച്ചിൽ എടുപ്പിക്കുകയും ഫയൽ താഴത്തിട്ട് എടുപ്പിക്കുകയും ചെയ്യാറുണ്ടെന്ന് പരാതിയില്‍ പറയുന്നു. സെക്രട്ടേറിയറ്റിലെ പ്യൂണ്‍ ദേവനാരായണനാണ് പരാതി നൽകിയത്.

എച്ചില്‍ പാത്രങ്ങള്‍ കഴുകാനും എച്ചില്‍ പെറുക്കാന്‍ നിര്‍ബന്ധിക്കുന്നു, ഇതിന് തയ്യാറാകാതിരുന്നാല്‍ ഫയലുകള്‍ താഴെ ഇട്ട ശേഷം എടുക്കാന്‍ പറയുകയും ഓഫീസ് മനപ്പൂര്‍വ്വം വൃത്തികേടാക്കിയ ശേഷം വൃത്തിയാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു, സമയത്തിന് ഓഫീസില്‍ നിന്ന് പോകാന്‍ അനുവദിക്കുന്നില്ലെന്നുമുള്ള ഗുരുതര ആരോപണമാണ് ജീവനക്കാരന്‍ കത്തില്‍ പറയുന്നത്.

എന്നാല്‍ ആരോപണങ്ങള്‍ ബിശ്വനാഥ് സിന്‍ഹ നിഷേധിച്ചു. ഓഫീസ് ജോലികള്‍ മാത്രമെ ജീവനക്കാരെക്കൊണ്ട് ചെയ്യിക്കാറുള്ളൂവെന്നും വലിയ തിരക്കുള്ള ഓഫീസാണ് തെന്‍റേത്. അവിടെ ഒത്തിരി ജോലികളുണ്ട് എന്നാല്‍ ഓഫീസ് ജോലിക്കപ്പുറത്ത് ഒന്നും ജീവനക്കാരെ കൊണ്ട് ചെയ്യിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.