ഉച്ചഭാഷിണിക്കെതിരെ പരാതി കൊടുത്ത വിരോധത്തിന്. വീട് ആക്രമിച്ചതായി പരാതി. ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു

കോഴിക്കോട്: ക്ഷേത്രത്തിലെ അനധികൃത ഉച്ചഭാഷിണിക്കെതിരെ പരാതി കൊടുത്തതിന്‍റെ വിരോധത്തില്‍ വീട് ആക്രമിച്ചതായി പരാതി. കോഴിക്കോട് മുക്കം നെല്ലിക്കാംപൊയില്‍ സ്വദേശി രാജീവിന്‍റെ വീടാണ് ആക്രമിക്കപ്പെട്ടത്. അതേസമയം ആരോപണം ക്ഷേത്രം ഭാരവാഹികൾ നിഷേധിച്ചു.

മുക്കം നെല്ലിക്കാംപൊയില്‍ സ്വദേശി ആലുങ്കല്‍ രാജീവിന്‍റെ വീടിന് നേരെ കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടോടെയാണ് ആക്രമണമുണ്ടായത്. മൂന്ന് ജനലുകളുടെ ചില്ലുകള്‍ തകര്‍ത്തു. വീടിന് അടുത്തുള്ള ചെറുവണ്ണൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ നിന്നുള്ള ശബ്ദമലിനീകരണത്തിനെതിരെ നേരത്തെ രാജീവ് പരാതി നല്‍കിയിരുന്നു. നിരോധിച്ച ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നുവെന്നും ചെവിക്ക് അസുഖമുള്ള തനിക്ക് ഇത് ബുധിമുട്ടുണ്ടാക്കുന്നുവെന്നും കാണിച്ചായിരുന്നു പരാതി. 

ഇതിനെ തുടര്‍ന്ന് ഉച്ചഭാഷിണി ഒഴിവാക്കാന്‍ സബ് കളക്ടര്‍ ഉത്തരവിട്ടിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് രാജീവ് ആരോപിക്കുന്നു. എന്നാല്‍ മുക്കം പോലീസില്‍ നിന്ന് കൃത്യമായി അനുമതി വാങ്ങിയാണ് ഉച്ചഭാഷിണി ഉപയോഗിച്ചതെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ വ്യക്തമാക്കി. ആരേയും ആക്രമിച്ചിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. വീട് ആക്രമിച്ചവരെ കണ്ടെത്തണമെന്നും എത്രയും വേഗം നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് മുക്കം പോലീസില്‍ പരാതി നല്കിയിരിക്കുകയാണ് രാജീവ്.