മന്ത്രിയെന്ന പദവി ദുരുപയോഗം ചെയ്ത് വോട്ട് അഭ്യർത്ഥിച്ചെന്നാണ് പരാതി. ബിജെപി ലീഗൽ ഇൻ ചാർജ്, മണ്ഡലം വരണാധികാരിക്ക് പരാതി നൽകി.
തിരുവനന്തപുരം: നേമത്തെ എൽഡിഎഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയുമായി ബിജെപി. മന്ത്രിയെന്ന പദവി ദുരുപയോഗം ചെയ്ത് വോട്ട് അഭ്യർത്ഥിച്ചെന്നാണ് പരാതി. സംസ്ഥാന സര്‍ക്കാരിന്‍റെ ചിഹ്നം പതിച്ച മന്ത്രിയുടെ ഔദ്യോഗിക ലെറ്റര്‍ പാഡിൽ ജനങ്ങളുടെ പിന്തുണയും സഹകരണവും വീണ്ടും അഭ്യര്‍ത്ഥിച്ചു കൊണ്ട് മന്ത്രി വി ശിവൻകുട്ടി വീടുകളിൽ കത്ത് വിതരണം ചെയ്തെന്നാണ് ബിജെപിയുടെ പരാതി. ഇത് സംബന്ധിച്ച് ബിജെപിയുടെ നേമം മണ്ഡലത്തിലെ ലീഗൽ ഇൻ ചാർജാണ് മണ്ഡലം വരണാധികാരിക്ക് പരാതി നൽകിയിരിക്കുന്നത്.
തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനായി ശിവൻകുട്ടി മന്ത്രിയെന്ന പദവി ദുരുപയോഗം ചെയ്തെന്നാണ് വോട്ടര്‍മാരിൽ അനധികൃത സ്വാധീനം ചെലുത്താൻ ശ്രമിച്ചെന്നാണ് പരാതിയുടെ ഉള്ളടക്കം. ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെയും അതുപോലെ തന്നെ ജനപ്രാതിനിധ്യ നിയമത്തിന്‍റെയും ലംഘനമാണ് എന്നാണ് ബിജെപി ആരോപിക്കുന്നത്. കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലമാണ് നേമം. രാജീവ് ചന്ദ്രശേഖറിനെതിരായ അപര സ്ഥാനാര്‍ത്ഥി സിപിഎമ്മിന്‍റെ ബ്രാഞ്ച് സെക്രട്ടറി ആണെന്നുള്ള ആരോപണം ഇന്ന് ഉച്ചയോടെ ബിജെപി സംസ്ഥാന നേതൃത്വം തന്നെ ഉന്നയിച്ചിരുന്നു. അതിന് പിന്നാലെയാണ് വി ശിവന്‍കുട്ടിക്കെതിരെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതി ബിജെപി നൽകിയിരിക്കുന്നത്.
