ദില്ലി: വി.എസ്. അച്യുതാനന്ദനെതിരെയുള്ള സംസ്ഥാന ഘടകത്തിന്റെ പരാതി പരിശോധിക്കുന്ന പിബി കമ്മിഷന്‍ നടപടികള്‍ ഈ മാസം തന്നെ അവസാനിപ്പിക്കണമെന്നു ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടതായി സൂചന. സംസ്ഥാന സെക്രട്ടറിയേറ്റില്‍ വി.എസിനെ ഉള്‍പ്പെടുത്തണമെങ്കില്‍ കമ്മിഷന്‍ നടപടി പൂര്‍ത്തിയാകണം എന്ന വാദം ദില്ലിയില്‍ ചേര്‍ന്ന പിബി യോഗത്തില്‍ ഉയര്‍ന്നിരുന്നു.

വിഎസ് അച്യുതാനന്ദന്റ വിവാദ പ്രസ്താവനകളുടെ പേരില്‍ സംസ്ഥാന ഘടകം നല്‍കിയ പരാതി പരിശോധിക്കാനാണ് 2013ല്‍ കേന്ദ്ര കമ്മിറ്റി പോളിറ്റ് ബ്യൂറോ കമ്മിഷന്‍ രൂപീകരിച്ചത്. മൂന്നു വര്‍ഷത്തിനിടെ ഒറ്റ തവണ മാത്രം യോഗം ചേര്‍ന്ന പിബി കമ്മിഷന്‍ നടപടികള്‍ ഉടന്‍ അവസാനിപ്പിക്കണം എന്ന നിര്‍ദ്ദേശം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുന്നോട്ടുവച്ചെന്നാണു സൂചന.

വിഎസിന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വം നല്‍കുന്ന വിഷയം പിബിയില്‍ വന്നപ്പോള്‍, പിബി കമ്മീഷന്‍ നടപടികള്‍ തുടരുന്നത് തടസമായി ചില നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിഎസിനെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തണമെന്ന നിലപാടാണു യെച്ചൂരിക്ക്. ഈ മാസം 18നു തുടങ്ങുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിനു മുന്‍പു പിബി കമ്മിഷന്‍ യോഗം ചേരണമെന്നാണ് യെച്ചൂരിയുടെ ആവശ്യം.

പിബി കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ച് അംഗീകരിക്കേണ്ടതു കേന്ദ്രകമ്മിറ്റിയാണെന്നിരിക്കെ ഇപ്പോള്‍ ഇതിനായില്ലെങ്കില്‍ ഇനിയും മൂന്നു മാസം കാത്തിരിക്കേണ്ടി വരും. പശ്ചിമ ബംഗാളില്‍ ഈ മാസം 11നു തുടങ്ങുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിനു പിബി അംഗങ്ങള്‍ എല്ലാവരും എത്തണമെന്നു ബംഗാള്‍ ഘടകം ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍ പിബി കമ്മിഷന്‍ യോഗത്തിന് സമയം കിട്ടിയേക്കില്ലെന്നാണു ചില അംഗങ്ങള്‍ നല്‍കുന്ന സൂചന.

വിഎസ് നല്‍കിയ കുറിപ്പില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വവും ആവശ്യപ്പെട്ടിരുന്നു. ഭരണപരിഷ്‌ക്കാര കമ്മിഷന്‍, ഉപദേശക സമിതി അധ്യക്ഷന്‍ എന്നീ പദവികള്‍ക്കു നിയമപരിശോധന നടത്താനാണു പിബി തീരുമാനിച്ചത്. ഇതിനു ശേഷം വിഎസിനെ തീരുമാനം അറിയിക്കും.