തൃശൂര്‍: കൈയ്യില്‍ ചില്ല് തുളച്ച് കയറി ചികിത്സ തേടിയെത്തിയ മുന്‍ പഞ്ചായത്തംഗം സ്വകാര്യ ആശുപത്രിയുടെ അനാസ്ഥമൂലം മരിച്ചതായി പരാതി. തൃശൂര്‍ ചിറ്റിലപ്പിള്ളി സ്വദേശിയായ ഷൈജുവാണ് മരിച്ചത്. രോഷാകുലരായ നാട്ടുകാര്‍ തൃശൂര്‍ അമല ആശുപത്രി ഉപരോധിച്ചു.

ചുമട്ടുതൊഴിലാളിയായ ഷൈജു, ലോറിയില്‍ നിന്ന് ചില്ല് ഇറക്കുമ്പോഴായിരുന്നു കൈയ്ക്ക് മുറിവേറ്റത്. കൈ മുട്ടിന് മീതെയായിരുന്നു ആഴത്തില്‍ മുറിവ്. ത്യശൂര്‍ അമല ആശുപത്രിയിലാണ് ആദ്യം ചികില്‍സ തേടിയത്. ദീര്‍ഘനേരം അത്യാഹിത വിഭാഗത്തില്‍ കിടത്തിയ ശേഷം ഡോക്ടറില്ലെന്ന് പറഞ്ഞ് മടക്കി. മറ്റൊരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രക്തംവാര്‍ന്ന് മരിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത സര്‍ജന്‍ പറഞ്ഞതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. 

മരിച്ച ഷൈജുവിന്റെ ഭാര്യ ഏഴു മാസം ഗര്‍ഭിണിയാണ്. സിപിഎമ്മിന്റെ മുന്‍ പഞ്ചായത്ത് അംഗം കൂടിയായ ഷൈജു നാട്ടുകാര്‍ക്കിടയില്‍ ഏറെ പ്രിയപ്പെട്ട വ്യക്തിയായിരുന്നു. മരണത്തില്‍ രോഷാകുലരായ നാട്ടുകാര്‍ അമല ആശുപത്രി ഉപരോധിച്ചു. തളളിക്കയറാനുള്ള ശ്രമം പൊലീസ് തടഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്ന പൊലീസിന്റെ ഉറപ്പില്‍ പ്രതിഷേധക്കാര്‍ പിരിഞ്ഞു പോയി. അതേ സമയം, ചികില്‍സ വൈകിയിട്ടില്ലെന്ന് അമല ആശുപത്രി അധികൃതര്‍ പറഞ്ഞു.