ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങൾ കൊണ്ടുവന്ന സംഘടനക്ക് എല്‍ടിടിഇ ബന്ധമുണ്ടെന്ന പരാതിയെ തുടർന്ന് പൊലീസ് പരിശോധിച്ച ശേഷം വിട്ടയച്ചു. പൊലീസ് അപമാനിച്ചെന്നും, പരാതിക്ക് പിന്നിൽ തമിഴ്നാട്ടിലെ ബിജെപി നേതാക്കളാണെന്നും സാധനങ്ങൾ എത്തിച്ച നാം തമിഴർ കക്ഷി ആരോപിച്ചു. 

കോട്ടയം: ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങൾ കൊണ്ടുവന്ന സംഘടനക്ക് എല്‍ടിടിഇ ബന്ധമുണ്ടെന്ന പരാതിയെ തുടർന്ന് പൊലീസ് പരിശോധിച്ച ശേഷം വിട്ടയച്ചു. പൊലീസ് അപമാനിച്ചെന്നും, പരാതിക്ക് പിന്നിൽ തമിഴ്നാട്ടിലെ ബിജെപി നേതാക്കളാണെന്നും സാധനങ്ങൾ എത്തിച്ച നാം തമിഴർ കക്ഷി ആരോപിച്ചു. 

തിരുവോണ ദിവസം വൈകിട്ടാണ് കോട്ടയത്തേയ്ക്ക് നാം തമിഴർ കക്ഷിയുടെ ബാനറുമായി ഏഴ് ലോറി സാധനങ്ങൾ എത്തിയത്. എൽടിടിഇയുടേതെന്ന് തോന്നിപ്പിക്കുന്ന പതാകയും വേലുപ്പിള്ള പ്രഭാരകന്‍റെ ചിത്രമുള്ള ഫ്ലെക്സുമായാണ് ലോറികളെത്തിയത്. ഇത് കണ്ട പൊലീസ് പരിശോധന നടത്തുകയായിരുന്നു. 

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ മത്സരിച്ച പാർട്ടിയാണ് തങ്ങളെന്ന് പറഞ്ഞിട്ടും പൊലീസ് കേട്ടില്ലെന്ന് നാം തമിഴർ കക്ഷിയുടെ കേരള കോ‍ഡിനേറ്റർ കനക മണികണ്ഠൻ പറഞ്ഞു. മണിക്കൂറുകളോളം പൊലീസ് സ്റ്റേഷനിൽ പിടിച്ചിരുത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ മത്സരിച്ച കക്ഷിയാണ് തങ്ങളെന്നും എല്‍ടിടിയുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും കനക മണികണ്ഠൻ പറഞ്ഞു. 

പ്രതിഷേധത്തെ തുടർന്ന് ഡോഗ് സ്ക്വാഡും ബോംബ്സ്വാഡും പരിശോധന നടത്തിയ ശേഷമാണ് തങ്ങള്‍ കൊണ്ടുവന്ന സാധനങ്ങൾ ദുരിതാശ്വാസക്യാമ്പിൽ വിതരണം ചെയ്യാന്‍ അനുവദിച്ചത്. എന്നാൽ ഇവരോട് മോശമായി പെരിമാറിയില്ലെന്നും പരാതി വന്നതിനാൽ പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പൊലീസിന്‍റെ വിശദീകരണം.