ആലപ്പുഴ: കോളജ് വിദ്യാര്‍ത്ഥികളെ തെറ്റിധരിപ്പിച്ച് ബീഫ് കഴിപ്പിച്ചതായി പരാതി. കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയ്ക്ക് കീഴിലെ പുളിങ്കുന്ന് എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികളെയാണ് അധികൃതര്‍ തെറ്റിധരിപ്പിച്ച് ബീഫ് കട്ലറ്റ് കഴിപ്പിച്ചുവെന്ന പരാതിയുമായി രംഗത്തുള്ളത്. കഴിഞ്ഞ ദിവസം കോളജില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ചായയ്ക്കൊപ്പം കട്ലറ്റ് വിതരണം ചെയ്തിരുന്നു. സസ്യാഹാരികളായ ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ തിരക്കിയപ്പോള്‍ വെജിറ്റബിള്‍ കട്ലറ്റാണെന്നാണ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് ഇത് ബീഫ് കട്ലറ്റാണെന്ന് ബോധ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയതായി കോളജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗം വിദ്യാര്‍ത്ഥിയും ബീഹാര്‍ സ്വദേശിയുമായ അങ്കിത് കുമാര്‍, കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ഹിമാംശു കുമാര്‍ എന്നിവര്‍ പറഞ്ഞു.
പരിപാടിയ്ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വര്‍ഷങ്ങളായി കോളജ് ക്യാമ്പസില്‍ നടത്തി വന്നിരുന്ന സരസ്വതി പൂജ തടയുവാനുള്ള ശ്രമവും കോളജ് പ്രിന്‍സിപ്പളിന്റെ ഭാഗത്ത് നിന്നുണ്ടായതായി വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. പൂജയ്ക്ക് അനുമതി നല്‍കാന്‍ കോളജ് അധികൃതര്‍ തയാറാകാതിരുന്നതോടെ വൈസ് ചാന്‍സിലറുമായി ബന്ധപ്പെട്ടാണ് അനുമതി ലഭ്യമാക്കിയത്. പൂജയുടെ ഭാഗമായി നടന്ന ഘോഷയാത്രയില്‍ പങ്കെടുത്ത ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പല്‍ പിന്നീട് സസ്പെന്‍ഡ് ചെയ്തിരുന്നു. ജില്ലാ കളക്ടര്‍ വിഷയത്തിലിടപ്പെട്ടതോടെ വിദ്യാര്‍ത്ഥിയെ പിന്നീട് തിരിച്ചെടുക്കുകയായിരുന്നെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ മതവികാരം വൃണപ്പെടുത്താനും കുട്ടികള്‍ക്കിടയില്‍ പ്രാദേശിക വികാരം ഉയര്‍ത്തുന്നതിനുള്ള ശ്രമമാണ് പ്രിന്‍സിപ്പളിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
