തിരുവനന്തപുരം: ഷാര്‍ജ ഭരണാധികാരി ഷെയ്‌ഖ് സുല്‍ത്താന്‍ ബിന്‍ അല്‍ ഖാസിമിക്ക് കാലിക്കറ്റ് സര്‍വ്വകലാശാല ഡി-ലിറ്റ് ബിരുദം സമ്മാനിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നതിനെതിരെ പരാതി. ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നത് നിയമലംഘനമാണെന്നാണ് ഉന്നതവിദ്യാഭ്യാസ സംരക്ഷണസമിതി നല്‍കിയ പരാതിയില്‍ പറയുന്നത്. ഇക്കാര്യത്തില്‍ ഉടന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസ സംരക്ഷണസമിതി കണ്‍വീനര്‍ ആര് എസ് ശശികുമാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സര്‍വ്വകലാശാല ചട്ട പ്രകാരം ബിരുദദാന ചടങ്ങില്‍ ചാന്‍സലറായ ഗവര്‍ണര്‍, വൈസ് ചാന്‍സലര്‍, ബിരുദ സ്വീകര്‍ത്താവ് എന്നിവര്‍ക്ക് മാത്രമാണ് സ്ഥാനമുള്ളത്. ബിരുദദാന ചടങ്ങില്‍ ഓരോരുത്തരും ധരിക്കേണ്ട പുറംകുപ്പായത്തിന്റെ നിറം വരെ സര്‍വ്വകലാശാല ചട്ടത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുന്നതിനെതിരെ ഉന്നതവിദ്യാഭ്യാസ സംരക്ഷണസമിതി പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.