മാനന്തവാടി: ബസ് കണ്ടക്ടര്‍ മദ്യലഹരിയില്‍ ജോലിക്കെത്തിയതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് വൈകി. മാനന്തവാടി- പത്തനംതിട്ട സൂപ്പര്‍ ഡീലക്‌സ് ബസാണ് അരമണിക്കൂര്‍ വൈകിയത്. ഞായറാഴ്ച രാത്രി 10.30ആയിരുന്നു സംഭവം. സംഭവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി മാനന്തവാടി ഡിപ്പോയിലെ കണ്ടക്ടര്‍ കമ്പളക്കാട് പള്ളിക്കുന്ന് പി വി സണ്ണിക്കെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്തു.

ഞായറാഴ്ച രാത്രി പത്തനംതിട്ടയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ബസിലെ കണ്ടക്ടറായിരുന്നു സണ്ണി. ഒമ്പത് മണിക്ക് തന്നെ ജോലിക്കായി എത്തിയെങ്കിലും പെരുമാറ്റത്തില്‍ അസ്വാഭികത തോന്നിയിരുന്നു. തൂടര്‍ന്ന് ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടറും സ്റ്റേഷന്‍ മാസ്റ്ററും ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി കണ്ടെത്തി. യാത്രക്കാര്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതിനാല്‍ ബസ് സര്‍വീസ് നടത്താത്തിരിക്കാന്‍ നിര്‍വാഹമില്ലായിരുന്നു.

അതേസമയം ബസ് പുറപ്പെടാന്‍ വൈകിയതിനാല്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാര്‍ ഗ്യാരേജില്‍ തടിച്ചുകൂടി ബഹളം വച്ചു. തുടര്‍ന്ന് 11 മണിയോടെ കേണിച്ചിറയിലുള്ള മറ്റൊരു കണ്ടക്ടറെ വിളിച്ചുവരുത്തി സര്‍വീസ് നടത്തുകയായിരുന്നു. സണ്ണിക്കെതിരെ മുന്‍പും പരാതികള്‍ ഉയര്‍ന്നതായി ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.