ഇസ്‌ലാമബാദ്: പാക്കിസ്താനിലെ സദാചാര ബോധത്തെ സോഷ്യല്‍ മീഡിയയിലൂടെ ഞെട്ടിച്ച ക്വാന്റീല്‍ ബലോചിനെ കൊല ചെയ്ത സംഭവത്തില്‍ സഹോദരന്‍ പൊലീസിനോട് പറഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങള്‍. പാക്കിസ്ഥാനിലെ ട്രിബ്യൂണ്‍ പത്രമാണ് കൊലയാളിയായ മുഹമ്മദിന്റെ വസീമിന്റെ മൊഴിയിലെ പ്രസക്ത ഭാഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ശരീരത്തിന്റെ രാഷ്ട്രീയം വിളംബരം ചെയ്യുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കൊണ്ടും സദാചാരവാദികളെ പ്രകോപിപ്പിക്കുന്ന സെല്‍ഫികള്‍ കൊണ്ടും ആണ്‍കോയ്മയില്‍ അധിഷഠിതമായ പാക് സമൂഹത്തില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ച ക്വാന്റീല്‍ ബലോച് മുള്‍ട്ടാനിലെ വസതിയില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. തന്റെ ജീവന് ഭീഷണിയുള്ളതായി കാണിച്ച് ഈയിടെ ക്വാന്റീല്‍ സര്‍ക്കാറിനെയും ഫെഡറല്‍ ഏജന്‍സിയെയും സമീപിച്ചിരുന്നു. നടപടി ഇല്ലാത്തതിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് ദിവസങ്ങള്‍ക്കകമായിരുന്നു ഇവരുടെ മരണം. സഹോദരന്‍ കഴുത്ത് ഞെരിച്ചു കൊന്നതായിരുന്നുവെന്ന് പൊലീസ് അന്നേ വ്യക്തമാക്കിയിരുന്നു.

പെരുന്നാള്‍ ആഘാഷിക്കുന്നതിന് മുള്‍ട്ടാനിലെ വീട്ടിലെത്തിയതായിരുന്നു ക്വാന്റീല്‍ ബലോച് എന്ന പേരില്‍ അറിയപ്പെടുന്ന ഫൗസിയ സുല്‍ത്താന്‍ എന്ന ഈ 26കാരി. മോഡല്‍, അഭിനേത്രി എന്നീ നിലകളില്‍ ജോലി ചെയ്ത ക്വാന്റീല്‍ വാടകക്കെടുത്ത് മാതാപിതാക്കള്‍ക്ക് നല്‍കിയതായിരുന്നു ഈ വീട്. കുടുംബത്തിന്റെ മാനം കാക്കാനായിരുന്നു കൊലയൊന്ന് സഹോദരന്‍ മൊഴി നല്‍കി. മാതാപിതാക്കള്‍ മുകള്‍ നിലയില്‍ ഉറങ്ങാന്‍ പോയ സമയത്തായിരുന്നു കൊല. താഴത്തെ നിലയില്‍ കിടന്ന സഹോദരിക്ക് മയക്കു ഗുളിക നല്‍കി ബോധം കെടുത്തിയ ശേഷം കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു എന്നാണ് സഹോദരന്‍ പറഞ്ഞത്.
ഇവയാണ് സഹോദരന്‍ പറഞ്ഞ മറ്റ് കാര്യങ്ങള്‍:
1. എന്ത് കാര്യമായിരുന്നായിരുന്നാലും അവളുടെ സ്വഭാവം സഹിക്കാന്‍ പറ്റില്ലായിരുന്നു.
2. കൊല്ലാനുള്ള നല്ല സമയത്തിന് കാത്തിരിക്കുകയായിരുന്നു ഞാന്‍.
3. ഞാന്‍ മയക്കുമരുന്നിന് അടിമയാണെങ്കിലും അവളെ കൊന്നത് നോര്‍മല്‍ ആയ സമയത്താണ്. അതില്‍ എനിക്ക് അഭിമാനമുണ്ട്.
4. ഇനി എല്ലാവരും ബഹുമാനത്തോടെയാവും എന്നെ ഓര്‍ക്കുക.
5. അവള്‍ കാരണം സഹി കെട്ട മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും ആശ്വാസം നല്‍കുകയായിരുന്നു ഞാന്‍.
6. കുടുംബാചാരങ്ങള്‍ നോക്കി വീട്ടില്‍ ഇരിക്കേണ്ടവരാണ് പെണ്ണുങ്ങള്‍. ക്വാന്റീല്‍ അങ്ങനെയല്ല.
7. അവളുടെ മോശം ചിത്രങ്ങളും വീഡിയോകളും സുഹൃത്തുക്കളും പരിചയക്കാരുമൊക്കെ എനിക്ക് അയച്ചു തരുമായിരുന്നു.
8. ആത്മഹത്യ ചെയ്യുന്നതിനേക്കാള്‍ ഭേദമാണ് അവളെ കൊല്ലുന്നത്. അതിനാല്‍, ഞാനത് ചെയ്തു.
