ആരെയൊക്കെ ബിജെപിക്കാര്‍ ചാക്കിട്ട് പിടിച്ചിട്ടുണ്ടെന്ന് ഇനിയും കോണ്‍ഗ്രസിനും ജെഡിഎസിനും വ്യക്തമല്ല.

ബംഗളുരു: ഇന്ന് വൈകുന്നേരം കര്‍ണ്ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ ഭൂരിപക്ഷം തെളിയിക്കാനാവുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി നേതാക്കള്‍. താന്‍ സഭയില്‍ വിശ്വാസം തെളിയിക്കുമെന്നും അതിന് ശേഷം അഞ്ച് മണിക്ക് ബി.ജെ.പിയുടെ ആഹ്ലാദ പ്രകടനം ഉണ്ടാകുമെന്നും യെദ്യൂരപ്പ രാവിലെ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം കോണ്‍ഗ്രസ്-ജെഡിഎസ് ക്യാമ്പുകളില്‍ ഇപ്പോഴും ആശങ്കയാണ്.

ആരെയൊക്കെ ബിജെപിക്കാര്‍ ചാക്കിട്ട് പിടിച്ചിട്ടുണ്ടെന്ന് ഇനിയും കോണ്‍ഗ്രസിനും ജെഡിഎസിനും വ്യക്തമല്ല. യെദ്യൂരപ്പ അടക്കമുള്ള ബിജെപി നേതാക്കള്‍ യാതൊരു ആശങ്കയുമില്ലാതെയാണ് സംസാരിക്കുന്നതും. ഭൂരിപക്ഷം തെളിയിച്ച് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് രാവിലെയും പ്രഖ്യാപിച്ച ബി.എസ് യെദ്യൂരപ്പ, തന്റെ സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്ന വിവിധ ക്ഷേമ പദ്ധതികളും പ്രഖ്യാപിച്ചു. ഇതിനിടെ തങ്ങളുടെ രണ്ട് എംഎല്‍എമാര്‍ ബിജെപി പക്ഷത്തേക്ക് കൂറുമാറിയെന്ന് ഇന്നലെ തന്നെ എച്ച്.ഡി കുമാരസ്വാമി അറിയിച്ചിരുന്നു.

നിര്‍ണ്ണായകമായ ഘട്ടത്തില്‍ പാര്‍ട്ടിയെ സഹായിക്കണമെന്നും പാര്‍ട്ടിക്ക് ഒപ്പം നില്‍ക്കണമെന്നുമാണ് ഇന്നലെ രാത്രിയും കുമാരസ്വാമി തന്റെ പാര്‍ട്ടി എംഎല്‍മാരോട് ആഭ്യര്‍ത്ഥിച്ചത്. ആരെയൊക്കെ ബിജെപി സമീപിച്ചിട്ടുണ്ടെന്ന് തനിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 10.30ന് പ്രോടേം സ്‌പീക്കര്‍ നിയമനം സംബന്ധിച്ച ഹര്‍ജി സുപ്രീം കോടതി പരിഗണിക്കും. 11 മണിക്ക് സഭ സമ്മേളിക്കും. വൈകുന്നേരം നാല് മണിക്കാണ് വിശ്വാസ വോട്ടെടുപ്പ്. കനത്ത സുരക്ഷയാണ് ബംഗളുരുവില്‍ പൊലീസ് ഒരുക്കിയിരിക്കുന്നത്. വിധാന്‍ സൗധയ്‌ക്ക് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.