ശമ്പള വിതരണത്തെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിച്ചെങ്കിലും കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിക്ക് അയവില്ല. ടെന്‍ഡര്‍ നടപടികള്‍ നിരീക്ഷിക്കാനുള്ള സര്‍ക്കാര്‍ സമിതിയെച്ചൊല്ലിയാണ് പുതിയ വിവാദം. ചട്ടവിരുദ്ധമായ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി എംഡി സര്‍ക്കാരിന് കത്ത് നല്‍കി.  

തിരുവനന്തപുരം: ശമ്പള വിതരണത്തെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിച്ചെങ്കിലും കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിക്ക് അയവില്ല. ടെന്‍ഡര്‍ നടപടികള്‍ നിരീക്ഷിക്കാനുള്ള സര്‍ക്കാര്‍ സമിതിയെച്ചൊല്ലിയാണ് പുതിയ വിവാദം. ചട്ടവിരുദ്ധമായ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി എംഡി സര്‍ക്കാരിന് കത്ത് നല്‍കി. 

കെ.എസ്.ആര്‍.ടി.സി.യിലെ 50 ലക്ഷം രൂപക്ക് മുകളില്‍ വരുന്ന എല്ലാ ടെന്‍ഡര്‍ നടപടികളും സര്‍ക്കാര്‍ തീരുമാനത്തിന് വിധേയമാക്കിയാണ് പുതിയ സമിതി രൂപീകരിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസി സര്‍ക്കാര്‍ സഹായം ഉപയോഗിച്ച് മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് തീരുമാനം. ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയ്ര്‍മാനും, കെഎസ്ആര്‍ടിസി എംഡി കണ്‍വീനറും, ഐടി വകുപ്പ്, എന്‍.ഐ.സി. കേരളം, എന്നിവരുടെ പ്രതിനിധികളും അടങ്ങിയതാണ് കമ്മിറ്റി. 

സമിതി രൂപീകരിച്ചുള്ള സര്‍ക്കാര്‍ തീരുമാനം ചട്ടവിരുദ്ധമാണെന്നാണ് കെഎസ്ആര്‍ടിസി യുടെ നിലപാട്. സ്വതന്ത്ര സ്ഥാപനമായ കെ.എസ്.ആര്‍.ടി.സി.യുടെ നയരൂപീകരണം ഭരണ സമിതിയില്‍ നിക്ഷിപ്തമാണ്. കെ.എസ്.ആര്‍.ടിസി എം.ഡിയാണ് ബോര്‍ഡിന്‍റെ ഭരണസമിതിയുടെ ചെയര്‍മാന്‍. ഗതാഗത സെക്രട്ടറി ഈ സമിതിയിലെ അംഗം മാത്രമാണ്. അതിനാല്‍ ഗതാഗത സെക്രട്ടറി അധ്യക്ഷനായ സമിതിയെ ടെന്‍ഡര്‍ നടപടി നിരീക്ഷിക്കാന്‍ ചമുതലപ്പെടുത്തുന്നത് അംഗീകരിക്കനാകില്ലെന്നാണ് എം.ഡിയുടെ നിലപാട്. ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യെപ്പെട്ട് എം.ഡി ഗാതഗത സെക്രട്ടറിക്ക് കത്ത് നല്‍കി. ടെന്‍ഡര്‍ നിരീക്ഷണ സമിതിയെച്ചൊല്ലിയുള്ള പുതിയ തര്‍ക്കത്തിലും മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണ്ണായകമാകും.