തങ്ങള്‍ക്ക് അനുകൂലമല്ല എന്ന ഒറ്റ കാരണത്താല്‍ രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടി സുപ്രീംകോടതി വിധിയെ പോലും ചോദ്യം ചെയ്തുവെന്ന് മോദി

വില്ലുപുരം: റഫാല്‍ കരാറില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പോര് മുറുകുമ്പോള്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ ആകെ കോണ്‍ഗ്രസ് അപമാനിച്ചുവെന്ന് മോദി പറഞ്ഞു. തങ്ങള്‍ക്ക് അനുകൂലമല്ല എന്ന ഒറ്റ കാരണത്താല്‍ രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടി സുപ്രീംകോടതി വിധിയെ പോലും ചോദ്യം ചെയ്തു.

തമിഴ്നാട്ടിലെ വെല്ലൂര്‍, കാഞ്ചീപുരം, വില്ലുപുരം തുടങ്ങിയ ജില്ലകളിലെ ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനത്തിലൂടെ നടത്തിയ സംവാദത്തിലാണ് മോദിയുടെ വിമര്‍ശനങ്ങള്‍. അടിയന്തരവാസ്ഥ കാലത്തിലെ പോലെ കോണ്‍ഗ്രസ് പാര്‍ട്ടി കൂടുതല്‍ വഞ്ചകരായി മാറുകയാണ്. സിഎജി, ആര്‍മി, സുപ്രീംകോടി എന്നിങ്ങനെ ജനാധിപത്യ സംവിധാനങ്ങളെയാകെ കോണ്‍ഗ്രസ് അപമാനിച്ചെന്നും മോദി പറഞ്ഞു 

റഫാൽ ഇടപാടിൽ സംയുക്ത പാര്‍ലമെന്‍ററി സമിതി അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലും റഫാല്‍ കരാര്‍ കത്തുകയാണ്. ചർച്ചയ്ക്കു തയ്യാറെന്ന് സർക്കാർ ഇന്നലെ വ്യക്തമാക്കിയെങ്കിലും കോണ്‍ഗ്രസ് പ്രതിഷേധം വര്‍ധിപ്പിക്കുകയാണ്.