ഗുജറാത്തിലെ രാജ്യസഭാ സീറ്റുകളില്‍ നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബംഗലൂരുവിലുള്ള കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ ഒരുസംഘം അഹമ്മദാബാദിലെത്തി. ബാക്കിയുള്ളവര്‍ ഉച്ചയോടെ ഗുജറാത്തിലെ റിസോട്ടിലേക്കെത്തും. അഹമ്മദ് പട്ടേലിന്റെ ജയം ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് പരിശ്രമിക്കുമ്പോള്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ അഹമ്മദാബാദില്‍ ക്യാമ്പ് ചെയ്താണ് മറുതന്ത്രങ്ങള്‍ മെനയുന്നത്.
രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്‌ട്രീയ അടവുനയങ്ങള്‍ക്കും കല്ലേറിനും റെയ്ഡിനും റിസോട്ട് വാസത്തിനും ഒടുവില്‍ ഇരുപാര്‍ട്ടികളിലെ നേതാക്കള്‍ക്ക് ഇന്ന് രക്ഷാബന്ധന്‍ ഹോളിഡേ. അഹമ്മദാബാദില്‍ ക്യാമ്പ്ചെയ്യുന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ സഹോദരിക്ക് രാഖി കെട്ടിക്കൊടുക്കും. ബംഗലൂരുവില്‍ നിന്നെത്തി കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ആനന്ദ് സിറ്റിയിലെ നീജാനന്ദ് റിസോര്‍ട്ടില്‍ കുടുംബത്തോടൊപ്പം കഴിയും. നാളെ ഇവിടെനിന്നു നേരിട്ട് നിയമസഭയിലേക്ക് പോകാനാണ് പദ്ധതി. ഗുജറാത്തിലെ മൂന്ന് രാജ്യസഭാസീറ്റില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെയും ജയം ഉറപ്പാണ്.
മൂന്നാമത്തെ സീറ്റിലേക്ക് സോണിയാ ഗന്ധിയുടെ രാഷ്‌ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലും ബി.ജെ.പിയുടെ ബല്‍വന്ദ്സിംഗ് രാജ്പുടുമാണ് മത്സരിക്കുന്നത്. ജയിക്കാന്‍ 44 വോട്ട് വേണമെന്നിരിക്കെ 51 എം.എല്‍.എമാരുള്ള കോണ്‍ഗ്രസ് ജയം പ്രതീക്ഷിക്കുന്നു. എങ്കിലും അവസനാനിമിഷം എന്തെങ്കിലും അടിയൊഴുക്ക് ഉണ്ടാകുമോയെന്നാണ് പാര്‍ട്ടിയുടെ ഭയം. രണ്ട് എം.എല്‍.എമാരുള്ള എന്‍.സി.പി, കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കും എന്നാണ് കരുതിയിരുന്നതെങ്കിലും ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നാണ് പ്രഫുല്‍ പട്ടേല്‍ ഇപ്പോള്‍ പറയുന്നത്. ഒരു എം.എല്‍.എയുള്ള ജെഡിയുവും നയം വ്യക്തമാക്കിയിട്ടില്ല.
