കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ചൊവ്വാഴ്ച ദില്ലിയില്‍ ചേരും. പാര്‍ട്ടി സംഘടനാ തെരഞ്ഞെടുപ്പ്, രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സാധ്യത. രാഹുല്‍ഗാന്ധിയെ പാര്‍ട്ടി അദ്ധ്യക്ഷനാക്കണം എന്നാവശ്യപ്പെട്ട് എ കെ ആന്‍റണി അവതരിപ്പിച്ച പ്രമേയം പ്രവര്‍ത്തകസമിതി നേരത്തെ പാസാക്കിയിരുന്നു. സോണിയാഗാന്ധി ഇതുവരെ ഈ പ്രമേയത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. സംഘടനാവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തില്‍ യോഗത്തില്‍ വീണ്ടും രാഹുല്‍ അദ്ധ്യക്ഷനാകണം എന്ന ആവശ്യം ഉയരാനാണ് സാധ്യത. രാഷ്‌ട്പതി തെരഞ്ഞെടുപ്പില്‍ ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കു വേണ്ടി നില്‍ക്കില്ലെന്നും പൊതുസമ്മതിയുള്ള സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കാമെന്നും സോണിയാഗാന്ധി മറ്റു പ്രതിപക്ഷ നേതാക്കളെ അറിയിച്ചിരുന്നു.