ലക്നൗ: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ച രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയ്ക്ക് കോണ്‍ഗ്രസ് ബാധ്യതയാവുകയാണ്. രാഹുല്‍ അധ്യക്ഷനാകുന്നതോടെ ഇത് പൂര്‍ണ്ണമാകുമെന്നും ഈ ബാധ്യതകളെയെല്ലാം രാജ്യത്തുനിന്ന് തുടച്ചു നീക്കണമെന്നും ആദിത്യനാഥ് പറഞ്ഞു. 

ഉത്തര്‍പ്രദേശ് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലമായ അമേതിയില്‍ അടക്കം ബിജോപി വന്‍ വിജയം നേടിയിരുന്നു. യുപിയിലെ ബിജെപിയുടെ ഈ വിജയം കണ്ടെങ്കിലും കോണ്‍ഗ്രസിന്റെ കണ്ണ് തുറക്കട്ടെയെന്നും സ്വന്തം മണ്ഡലത്തില്‍പോലും ജയിക്കാനാകാത്ത രാഹുലിന്റെ പാര്‍ട്ടി തുടച്ചു നീക്കപ്പെടുകയാണെന്നും യോഗി പരിഹസിച്ചു. 

ബിജെപി ഭരണത്തില്‍ ഗുജറാത്തിനുണ്ടയ വളര്‍ച്ച വളരെ വലുതാണ്. കഴിഞ്ഞ നാല് തലമുറയായി രാഹുലിന്റെ കുടുംബമാണ് അമേതിയെ പ്രതിനിധീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസുപോലും മണ്ഡലത്തില്‍ തുറക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നിട്ടും രാഹുല്‍ ഗുജറാത്തിലെ വികസനത്തെ ചോദ്യം ചെയ്യുകയാണെന്നും ആദിത്യനാഥ് പറഞ്ഞു.