തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ട് എം.എം ഹസ്സനെതിരെ വീണ്ടും എ ഗ്രൂപ്പ്. മുത്തലാഖ് ബില്ലിൽ പാർട്ടി നിലപാട് തള്ളി പരസ്യപ്രതികരണം നടത്തിയതിലാണ് അമർഷം. ഹസ്സനെതിരെ ഹൈക്കമാൻഡിന് സമീപിക്കാനും ഗ്രൂപ്പ് നീക്കമുണ്ട്. ചാരക്കേസിന് പിന്നാലെ വീണ്ടും വീണ്ടും കെപിസിസി പ്രസിഡണ്ട് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി പാർട്ടിയെ സമ്മർദ്ദത്തിലാക്കുന്നുവെന്നാണ് ഗ്രൂപ്പിന്റെ വിലയിരുത്തൽ. ചാരക്കേസ് പരാമർശത്തിൽ ഹസ്സനും എ ഗ്രൂപ്പും തുടങ്ങിയ അകൽച്ച ഇതോടെ കൂടുതൽ ശക്തമായി.

മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള നിയമത്തിനെതിരെ നിലപാട് ആവര്‍ത്തിച്ച് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസ്സന്‍ രംഗത്തുവന്നിരുന്നു. മുത്തലാക്കിൽ വ്യക്തമാക്കിയത് പാർട്ടി നിലപാട് തന്നെയെന്നിം ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കമാണിതെന്നും ഹസ്സന്‍ പറഞ്ഞിരുന്നു. ശരി അത്തിൽ ഊന്നിയുള്ള നിയമ നിർമ്മാണമാണ് വേണ്ടത്. ഇപ്പോഴത്തെ കേന്ദ്ര നീക്കം ദുരുദ്ദേശപരമാണെന്നും ഹസ്സന്‍ പറഞ്ഞു.