ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥാണ് ഹനുമാനെ കുറിച്ചുള്ള പ്രസ്താവനകള്‍ക്ക് തുടക്കമിട്ടത്. രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹനുമാന്‍ ദളിതനായിരുന്നുവെന്നാണ് ആദിത്യനാഥിന്‍റെ പരാമര്‍ശം

ലക്നൗ: ഹനുമാനെ കുറിച്ച് ബിജെപി നേതാക്കള്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബാര്‍. ആവശ്യമില്ലാതെ ഹനുമാനെ വലിച്ചിഴച്ചിട്ടും അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി തോല്‍വിയേറ്റ് വാങ്ങിയെന്നും രാജ് ബബ്ബാര്‍ വിമര്‍ശിച്ചു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥാണ് ഹനുമാനെ കുറിച്ചുള്ള പ്രസ്താവനകള്‍ക്ക് തുടക്കമിട്ടത്. രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹനുമാന്‍ ദളിതനായിരുന്നുവെന്നാണ് ആദിത്യനാഥ് പരാമര്‍ശിച്ചത്. ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ അന്ന് ഉയര്‍ന്നിരുന്നു.

എന്നാല്‍, തന്‍റെ വാദം പിന്‍വലിക്കാന്‍ അദ്ദേഹം തയാറായില്ല. പിന്നാലെ ബിജെപി നേതാക്കള്‍ ഹനുമാന്‍ മുസ്‍ലിം ആണെന്നും കായിക താരമാണെന്നുമുള്ള പ്രസ്താവനകളും വന്നു. റഹ്‌മാൻ, റംസാന്‍, ഫര്‍മാന്‍, സിഷാന്‍, ഖുര്‍ബാന്‍ തുടങ്ങിയ പേരുകള്‍ക്ക് ഹനുമാന്റെ പേരുമായി സാമ്യമുണ്ടെന്നും ഈ പേരുകളെല്ലാം ഉരുത്തിരിഞ്ഞത് ഹനുമാനില്‍ നിന്നാണെന്നുമായിരുന്നു ബുക്കല്‍ നവാബ് മാധ്യമങ്ങളോട് പറഞ്ഞത്.

ഉത്തര്‍പ്രദേശ് നിയമനിര്‍മ്മാണ കൗണ്‍സില്‍ അംഗം കൂടിയാണ് ബുക്കല്‍ നവാബ്. ഈ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് ഇപ്പോള്‍ രാജ് ബബ്ബാര്‍ രംഗത്ത് വന്നിരിക്കുന്നത്. ഇനിയും ഹനുമാനെ നിങ്ങള്‍ ബുദ്ധിമുട്ടിക്കരുത്. ഹനുമാന്‍ സ്വാമി വാലൊന്ന് വീശിയപ്പോള്‍ നിങ്ങള്‍ മൂന്ന് സംസ്ഥാനങ്ങളില്‍ തോറ്റു. ഇനി ഈ കളി കളിച്ചാല്‍ നിങ്ങളുടെ ലങ്ക തന്നെ ചാമ്പലാക്കുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.