കോട്ടയം: യുഡിഎഫ് വിടുന്നുവെന്ന പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ കെ എം മാണിക്കും കേരളാ കോണ്‍ഗ്രസ് എമ്മിനുമെതിരെ രൂക്ഷമായ ഭാഷയില്‍ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടാക്കാനുള്ള ശ്രമം വിലപ്പോവില്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.

മാണിയുടെ നിലപാട് അപഹാസ്യമെന്നും ആത്മാഭിമാനമുണ്ടെങ്കില്‍ എംഎല്‍എമാര്‍ സ്ഥാനം രാജി വയ്ക്കണമെന്നും യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു.

കോൺഗ്രസിന് നല്ലകാലം തുടങ്ങിയെന്നായിരുന്നു ടി എൻ പ്രതാപൻറെ പ്രതികരണം. കോണ്‍ഗ്രസിനു ശുക്രന്‍ ഉദിച്ചുവെന്നും മാണി ഗ്രൂപ്പിന്റെ പിന്തുണയോടെ പഞ്ചായത്തുകളിൽ ഭരണം വേണ്ടെന്നും പ്രതാപന്‍ പറഞ്ഞു

വിലപേശല്‍ രാഷ്ട്രീയത്തിന് മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കില്ലെന്ന് വി ഡി സതീശൻ പറഞ്ഞു. മാണിയെ പിന്തുണച്ചതാണ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നഷ്ടമുണ്ടാക്കിയതെന്നും സതീശന്‍ തുറന്നടിച്ചു.

 മാണിയെ പരിഹസിച്ച് കോണ്‍ഗ്രസ് വി ടി ബല്‍റാം എം.എല്‍.എയുടെ ഫെയ്‌സ്ബുക് പോസ്റ്റിട്ടിരുന്നു. ‘ഏതായാലും തൊണ്ടയില്‍ ഒരു ലഡുവിന്റെ കഷ്ണം കുടുങ്ങിക്കിടന്ന് പ്രത്യേക ബ്ലോക്കുണ്ടാക്കുന്നില്ലെന്ന വ്യക്തിപരമായ ആശ്വാസം എനിക്കുണ്ട് സാറേ’ എന്നായിരുന്നു ബല്‍റാമിന്‍റെ പരിഹാസം.