റഫാൽ ഇടപാടിൽ സംയുക്ത പാര്‍ലമെന്‍ററി സമിതി അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. 

ദില്ലി: റഫാൽ ഇടപാടിൽ സംയുക്ത പാര്‍ലമെന്‍ററി സമിതി അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലും ഇന്നും ജെപിസി അന്വേഷണം പ്രതിപക്ഷം ആവശ്യപ്പെടും. ചർച്ചയ്ക്കു തയ്യാറെന്ന് സർക്കാർ ഇന്നലെ വ്യക്തമാക്കിയിരുന്നു. അതേസമയം, മുത്തലാഖ് ബില്ലിൻമേലുള്ള ചർച്ച ഇന്നും അജണ്ടയിലില്ല. 

റഫാല്‍ വിഷയത്തില്‍ കഴിഞ്ഞ ദിവസവും പാർലമെന്‍റ് സ്തംഭിച്ചിരുന്നു. ജെപിസി ഇല്ലാതെ ഒത്തുതീർപ്പില്ലെന്ന കോൺഗ്രസ് നിലപാടെടുത്തതോടെയാണ് പാർലമെന്‍റ് സ്തംഭിച്ചത്. അതേസമയം റഫാൽ ഇടപാട് പരിശോധിക്കുന്ന സിഎജി കരട് റിപ്പോർട്ട് പ്രതിരോധ മന്ത്രാലയത്തിന്‍റെ പ്രതികരണത്തിനായി നല്‍കി.