ദില്ല: കോണ്‍ഗ്രസുമായി നേരിട്ട് ധാരണയോ അടവുനയമോ പോലും വേണ്ടെന്ന് സിപിഎം പോളിറ്റ്ബ്യുറോയിൽ ഭൂരിപക്ഷ തീരുമാനം. ഉചിതമായ അടവുനയം സ്വീകരിക്കാമെന്ന യെച്ചൂരിയുടെ അഭിപ്രായം തള്ളിയ കാരാട്ട് പക്ഷം ഡിഎം.കെയെ പോലുള്ള പ്രാദേശിക കക്ഷികൾ നയിക്കുന്ന മുന്നണിയിൽ ചേരുന്നതിനെ എതിര്‍ത്തില്ല. തര്‍ക്കം തുടരുന്ന സാഹചര്യത്തിൽ പിബിയിൽ നടന്ന മുഴുവുൻ ചര്‍ച്ചകളും ജനുവരിയിൽ ചേരുന്ന കേന്ദ്ര് കമ്മിറ്റിയിൽ വെക്കാൻ തീരുമാനിച്ചു. 

മതേതര പാര്‍ടികളുമായി ധാരണയുണ്ടാക്കാം എന്ന നിലപാട് മയപ്പെടുത്തി, ഓരോ സംസ്ഥാനത്തെയും സാഹചര്യം അനുസരിച്ചുള്ള അടവുനയമാകാം എന്ന നിര്‍ദ്ദേശമാണ് ജന.സെക്രട്ടറി സീതാറാം യെച്ചൂരി പോളിറ്റ് ബ്യൂറോ യോഗത്തിന് മുമ്പാകെ വെച്ചത്. അങ്ങനെ വന്നാൽ ബംഗാളിൽ സിപിഎമ്മിന് കോണ്‍ഗ്രസുമായി സഹകരിക്കുന്നതിനാകും സാധിക്കും. എന്നാൽ യെച്ചൂരിയുടെ ഈ നിര‍്ദ്ദേശൺ തള്ളിയ പ്രകാശ് കാരാട്ട് പക്ഷം കോണ്‍ഗ്രസുമായി നേരിട്ട് ധാരണയോ അടവുനയമോ വേണ്ട എന്ന നിലാപിടിൽ ഉറച്ചുനിന്നു. 

എന്നാൽ തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളിൽ പ്രാദേശിക കക്ഷികളുമായി കൂട്ടുചേരാമെന്നും ആ മുന്നണിയിൽ കോണ്‍ഗ്രസ് ഉള്ളത് അതിന് തടസ്സമല്ല കാരാട്ട് വിഭാഗം വ്യക്തമാക്കി. കോണ്‍ഗ്സുള്ള മുന്നണിയുമായി പ്രാദേശിക തലത്തിൽ സഹകരിക്കുമ്പോൾ പിന്നെ രാഷ്ട്രീയ ധാരണ വേണ്ട എന്ന് എഴുതുന്നതിൽ എന്ത് അര്‍ത്ഥമാണ് ഉള്ളതെന്ന് സീതാറാം യെച്ചൂരി യോഗത്തിൽ ചോദിച്ചു. ഫലത്തിൽ ബംഗാളിലെ കോണ്‍ഗ്രസ് സഹകരണം തള്ളുകയും തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളിൽ വളഞ്ഞ വഴിയിൽ സഹകരണം അംഗീകരിക്കുകയും ചെയ്ത നിലപാടായിരുന്നു കാരാട്ട് പക്ഷത്തിന്‍റേത്. ഇതിനെ ബംഗാൾ ശക്തമായി എതിര്‍ത്തു. 

ഇതേ തുടര്‍ന്ന് പിബിയുടെ ഭൂരിപക്ഷ തീരുമാനത്തിനൊപ്പം പിബിയിൽ നടന്ന എല്ലാ ചര്‍ച്ചകളും കേന്ദ്ര കമ്മിറ്റിയിൽ അവതരിപ്പിക്കാം എന്ന ധാരണയിലാണ് രണ്ടുദിവസത്തെ യോഗം പിരിഞ്ഞത്. ജനുവരിയിൽ കൊൽക്കത്തയിൽ ചേരുന്ന കേന്ദ്ര കമ്മിറ്റിയാണ് കരട് രാഷ്ട്രീയ പ്രമേയത്തിന് അംഗീകാരം നൽകേണ്ടത്. നിലവിലെ സാഹചര്യത്തിൽ സിസിയിൽ വോട്ടെടുപ്പിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.