സംഭവത്തില്‍ ആർ എസ്എസിന് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി ആം ആദ്മി പാര്‍ട്ടി നേതാവ് വികാസ് ഗോയല്‍ പറഞ്ഞു. ഒരു അധ്യാപകന് ഒറ്റക്ക് ഈ രീതിയില്‍ പ്രവര്‍ത്തിക്കാനാവില്ല എന്നും തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോള്‍ ഈ സംഭവത്തിന് പ്രാധാന്യം ഏറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ദില്ലി: വിദ്യാർത്ഥികൾക്കിടയിൽ മതവൈരാഗ്യം വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ച സ്‌കൂളിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും പാർട്ടിയും ആംആദ്മിയും രംഗത്ത്. വടക്കൻ ദില്ലിയിലെ വസീറബാദിലുള്ള എംസിഡി എന്ന ആണ്‍കുട്ടികളുടെ പ്രൈമറി സ്‌കൂളില്‍ കുട്ടികളെ ഹിന്ദു മുസ്ലീം എന്നിങ്ങനെ തരംതിരിച്ചിരുത്തിയിരുന്നു. ഇതിനെതിരെയാണ് ഇരുവിഭാഗം രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിരിക്കുന്നത്.

സംഭവത്തില്‍ ആർ എസ്എസിന് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി ആം ആദ്മി പാര്‍ട്ടി നേതാവ് വികാസ് ഗോയല്‍ പറഞ്ഞു. ഒരു അധ്യാപകന് ഒറ്റക്ക് ഈ രീതിയില്‍ പ്രവര്‍ത്തിക്കാനാവില്ല എന്നും തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോള്‍ ഈ സംഭവത്തിന് പ്രാധാന്യം ഏറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാൽ കോര്‍പറേഷന്‍ നടത്തുന്ന മറ്റു സ്‌കൂളുകളില്‍ പരിശോധന വേണമെന്ന് കോണ്‍ഗ്രസ് നേതാവ് മുകേഷ് ഗോയല്‍ ആവശ്യപ്പെട്ടു.

സംഭവത്തെ തുടർന്ന് സ്കൂളിലെ താത്കാലിക അധ്യാപകനായ സി ബി സിംഗ് ഷെഹ്റാവത്ത് എന്നയാളെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ സ്കൂളിലെ അധികാരികൾക്കെതിരെ കർശന നടപടികൾ തന്നെ എടുക്കണമെന്നാണ് കോൺഗ്രസിന്റെയും ആംആദ്മിയുടെ ആവശ്യം. എംസിഡി സ്കൂളിൽ കുട്ടികളെ പ്രിൻസിപ്പാൾ മതത്തിന്റെ പേരിൽ വേർതിരിച്ചിരുത്തിയെന്ന ആരോപണവുമായി ഒരു കൂട്ടം അധ്യപകർ രംഗത്തെത്തിയിരുന്നു. എന്നാൽ ഷെറാവത്ത് ഈ ആരോപണം നിഷേധിക്കുകയും തുടർന്ന് നടന്ന അന്വേഷണത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് തെളിയുകയും ചെയ്തു.

അധ്യാപക‍ന്‍റെ പ്രവർത്തി അപലപനീയമാണെന്നും ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഒരു അധ്യാപകൻ ഇത്തരത്തിൽ പെരുമാറാൻ പാടില്ലെന്നും മുനിസിപ്പല്‍ കമ്മിഷണര്‍ മധുപ് വ്യാസ് പറഞ്ഞു. ഒപ്പം ഷെറാവത്തിനെതിരെയുള്ള ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തിയതായും അദ്ദേഹം കുട്ടിച്ചേർത്തു. മാധ്യമങ്ങളുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേന്ദ്ര മാനവവിഭവശേഷി വകുപ്പ് ദില്ലി കോര്‍പറേഷനോട് വിശദീകരണം തേടിയിട്ടുണ്ട്.