ദില്ലി: ജമ്മുകശ്‍മീരിന് കൂടുതല്‍ സ്വയംഭരണം നല്കണമെന്ന മുന്‍ധനമന്ത്രി പി ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. ആസാദി മുദ്രാവാക്യം മുഴക്കുന്നവരെ പിന്തുണയ്‌ക്കുന്ന കോണ്‍ഗ്രസ് സൈനികരെ അപമാനിക്കുകയാണെന്ന് നരേന്ദ്രമോദി ആരോപിച്ചു. ചിദംബരത്തിന്റേത് പാര്‍ട്ടിയുടെ നിലപാടല്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

ജമ്മുകശ്‍മീരിന് കൂടുതല്‍ സ്വയംഭരണം നല്കണമെന്ന് മുന്‍ ധനമന്ത്രി പി ചിദംബരം ഇന്നലെ ഗുജറാത്തില്‍ പറഞ്ഞത് ബി.ജെ.പി ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആയുധമാക്കുകയാണ്. ആസാദി മുദ്രാവാക്യം ഉയര്‍ത്തുന്നവര്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് എന്നും പാകിസ്ഥാനില്‍ നടത്തിയ മിന്നലാക്രമണത്തെ ഇവര്‍ എന്തിന് എതിര്‍ക്കുന്നു എന്ന് ഇപ്പോള്‍ വ്യക്തമായെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. സൈനികരുടെ ധീരതയെ പോലും രാഷ്‌ട്രീയനേട്ടത്തിനുപയോഗിക്കുന്നവരെ കൊണ്ട് രാജ്യത്തിന് എന്ത് നേട്ടമെന്നായിരുന്നു മോദിയുടെ ചോദ്യം. 

വിഘടന വാദികളെ കോണ്‍ഗ്രസ് പ്രോത്സാഹിപ്പിക്കുകയാണെന്ന് ധനമന്ത്രി പി ചിദംബരം കുറ്റപ്പെടുത്തി. പി ചിദംബരം തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുമ്പോഴും കോണ്‍ഗ്രസ് അകലം പാലിക്കുകയാണ്. ആസാദി എന്ന മുദ്രാവാക്യത്തിനൊപ്പമാണ് കോണ്‍ഗ്രസെന്ന പ്രചരണത്തിന് ചിദംബരം ആയുധം നല്‍കേണ്ടിയിരുന്നില്ലെന്നാണ് കോണ്‍ഗ്രസിലെ പൊതുവികാരം. സാമ്പത്തി കരംഗത്ത് ഉള്‍പ്പടെ നേരിടുന്ന തിരിച്ചടിയില്‍ നിന്ന് പ്രചരണശ്രദ്ധ മാറ്റാന്‍ ബിജെപിക്ക് അവസരം നല്കുന്നതാണ് ചിദംബരത്തിന്‍റെ പ്രസ്താവനയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നു.