തെരഞ്ഞെടുപ്പ് ഫലം വന്നതുമുതൽ ബിജെപിയെ ഞെട്ടിച്ച് നടത്തിയ രാഷ്ട്രീയ അടവുകൾ വിജയം കണ്ടതിന്‍റെ ആവേശത്തിലാണ് കോൺഗ്രസും ജെഡിഎസും.
ബംഗളുരു: തെരഞ്ഞെടുപ്പ് ഫലം വന്നതുമുതൽ ബിജെപിയെ ഞെട്ടിച്ച് നടത്തിയ രാഷ്ട്രീയ അടവുകൾ വിജയം കണ്ടതിന്റെ ആവേശത്തിലാണ് കോൺഗ്രസും ജെഡിഎസും. കുതിരക്കച്ചവടത്തിന് അവസരം നൽകാതെയും നിയമവഴിയിൽ നീങ്ങിയും ഇരുകൂട്ടരും യെദ്യൂരപ്പക്ക് പുറത്തേക്കുളള വഴിതെളിച്ചു. എംഎൽഎമാരെ ബിജെപി കൂറുമാറ്റുന്നത് തടഞ്ഞ ഡി കെ ശിവകുമാറെന്ന നേതാവിനോടാണ് കോൺഗ്രസ് ഈ രാഷ്ട്രീയനേട്ടത്തിന് കടപ്പെട്ടിരിക്കുന്നത്.
അതേസമയം, 30 മന്ത്രിമാരുടെ പട്ടിക തയ്യാറാക്കി കോണ്ഗ്രസ്- ജെഡിഎസ് സഖ്യം. കോണ്ഗ്രസിന്റെ ജി.പരമേശ്വര ഉപമുഖ്യമന്ത്രിയാകും. മന്ത്രിസഭയില് രണ്ട് മലയാളികളുമുണ്ട്. യു.ടി. ഖാദറും കെ.ജെ ജോര്ജ്ജുമാണ് മന്ത്രിസഭയിലുളള രണ്ട് മലയാളികള്. സിദ്ധരാമയ്യയെ തോല്പ്പിച്ച ജി.ടി ദേവഗൗഡയ്ക്ക് മന്ത്രിസ്ഥാനം ലഭിക്കും. റോഷന് ബെയ്ഗും മല്ലികാര്ജ്ജുന് ഖാര്ഗെയുടെ മകന് പ്രിയങ്കും പട്ടികയില് ഉണ്ടെന്നാണ് സൂചന. അതേസമയം, സര്ക്കാരുണ്ടാക്കാന് ക്ഷണം കാത്ത് കുമാരസ്വാമി, സത്യപ്രതിജ്ഞ മറ്റന്നാള് ഉണ്ടാകുമെന്നും സൂചനയുണ്ട്.
തങ്ങളുടെ അടിവേരിളകുമെന്ന് കണ്ട് ഇരുപാർട്ടികളും നടത്തിയ അപ്രതീക്ഷിത നീക്കങ്ങളാണ് കർണാടകത്തിൽ ബിജെപിക്ക് തലവേദനയായത്. കേവലഭൂരിപക്ഷമുണ്ടായിട്ടും സർക്കാർ രൂപീകരിക്കാൻ കുമാരസ്വാമിയെ ക്ഷണിക്കാതെ യെദ്യൂരപ്പ് അവസരം നൽകിയതുമുതൽ തുടങ്ങിയ നീക്കങ്ങൾ. സമയം പാഴാക്കാതെ സുപ്രീംകോടതിയിലെത്തിയത് വിശ്വാസവോട്ടെടുപ്പിന്റെ സമയം കുറച്ചു. ഗവർണർ നൽകിയ പതിനഞ്ച് ദിവസം 28 മണിക്കൂറായി. ഭൂരിപക്ഷത്തിലെത്താൻ ബിജെപി തങ്ങളുടെ എംഎൽഎമാരെ റാഞ്ചുമെന്ന് കണ്ട് അവരെ ചിറകിനടിയിൽ ഒളിപ്പിച്ചു. പൊലീസ് തലപ്പത്ത് അഴിച്ചുപണിയിലൂടെ യെദ്യൂരപ്പ ഭീഷണി ഉയർത്തിയപ്പോൾ ഹൈദരാബാദിലേക്ക് മാറ്റി തിടുക്കത്തിലുളള അടവുകൾ.
ആനന്ദ് സിങ്ങുൾപ്പെടെയുളള എംഎൽഎമാരെക്കുറിച്ച് ഒരു വിവരമില്ലാതിരുന്നിട്ടും എല്ലാ തന്ത്രങ്ങളുമൊരുക്കിയ ഡി കെ ശിവകുമാർ കുലുങ്ങാതെ നിന്നു. എംഎൽഎമാരെ സ്വാധീനിക്കാൻ യെദ്യൂരപ്പയടക്കം ശ്രമിക്കുന്നതിന്റെ ശബ്ദരേഖകൾ പുറത്തുവിട്ട് ബിജെപിയെ കൂടുതൽ സമ്മർദത്തിലാക്കി. വിശ്വാസവോട്ടിന് എത്തില്ലെന്ന് കരുതിയ എംഎൽഎമാരെ അവസാനനിമിഷം സഭയിലെത്തിച്ച് ഞെട്ടിച്ചു. ഒടുവിൽ ഗത്യന്തരമില്ലാതെ യെദ്യൂരപ്പ രാജിവെച്ചൊഴിയുമ്പോൾ ബദ്ധവൈരികളായിരുന്ന കുമാരസ്വാമിയും സിദ്ധരാമയ്യയും ഒന്നിച്ച് ചിരിക്കുകയാണ്. ഗുജറാത്തിലെ പ്രതിസന്ധികാലത്ത് കാത്ത ഡി കെ ശിവകുമാർ കർണാടകത്തിലെ നിലനിൽപ്പിന്റെ പോരാട്ടത്തിലും കോൺഗ്രസിന്റെ രക്ഷകനായി.
തെരഞ്ഞെടുപ്പിന് മുമ്പ് പരസ്പരം കടന്നാക്രമിച്ച് ജെഡിഎസ് കോൺഗ്രസ് സഖ്യത്തിന്റെ നിലനിൽപ്പാണ് ഇനിയുളള ചോദ്യം. ഓരോ തീരുമാനവും ഓരോ ദിവസവും അവർക്ക് നിർണായകമാകും. ബിജെപി കർണാടകയിലെ ജനങ്ങളേയും ജനാധിപത്യത്തേയും അവഹേളിച്ചുവെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുല് ഗാന്ധി പ്രതികരിച്ചു. ഇന്ത്യയിലെ ജനങ്ങളേക്കാൾ വലുതല്ല പ്രധാനമന്ത്രിയെന്നും രാഹുല് ഗാന്ധി പറഞ്ഞു.
