അഹമ്മദാബാദ്: മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തിന്‍റെ ഉപഭോക്താക്കള്‍ കോണ്‍ഗ്രസ് എന്ന് ബിജെപി കേന്ദ്ര മന്ത്രി ഉമാ ഭാരതി. ബിജെപിയുടെ 'ഗുജറാത്ത് ഗൗരവ്‌ യാത്ര' യില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമാ ഭാരതി. ഗാന്ധിയുടെ കൊലപാതകം പുനരന്വേഷണിക്കണമെന്ന ഹര്‍ജി പരിഗണിച്ച കോടതിയുടെ ചില നീരീക്ഷണങ്ങള്‍ക്ക് മേലുള്ള ഒരു ചോദ്യത്തിനാണ് ഉമാ ഭാരതി രൂക്ഷമായി പ്രതികരിച്ചത്.

ഗാന്ധിജിയുടെ കൊലപാതകം ആര്‍ക്കാണ് ഗുണം ചെയ്തതെന്ന് ചോദിച്ച ഉമാ ഭാരതി, ഗാന്ധിയുടെ കൊലപാതകത്തിലൂടെ ജന സംഘത്തിന് പല പരിക്കുകളും രാജ്യത്തിന് വന്‍ നഷ്ടങ്ങളും ഉണ്ടായപ്പോള്‍ കോണ്‍ഗ്രസിന് അത് ഉപകാരം ചെയ്തെന്നാണ് അവകാശപ്പെട്ടത്.

സ്വാതന്ത്ര്യത്തിന് ശേഷം കോണ്‍ഗ്രസ് പിരിച്ച് വിടാന്‍ ഗാന്ധിജി തീരുമാനിച്ചിരുന്നു. അതുകൊണ്ട് തന്നെ ഗാന്ധിയുടെ മരണം കോണ്‍ഗ്രസിന് ഉപകാരപ്പെട്ടു.ഗാന്ധിയുടെ കൊലപാതകത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത് ഐടി ഉദ്യോഗാര്‍ത്ഥിയായ പങ്കജ് ഫഡ്നിസ് ആണ്.