കോണ്‍ഗ്രസിനോട് സഹകരിക്കുന്നതില്‍ ബി.ജെ.പിയിലും അതൃപ്തി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തിലും എതിര്‍പ്പ്

വയനാട്: ബി.ജെ.പിയുമായി കൂട്ടുകൂടുന്നതിനെ കോണ്‍ഗ്രസിലെ ചിലര്‍ എതിര്‍ത്തതോടെ പൂതാടി പഞ്ചായത്തിലെ അവിശ്വാസം വൈകും. കോണ്‍ഗ്രസിനോട് സഹകരിക്കുന്നതില്‍ ബി.ജെ.പിയിലെ ചിലര്‍ക്കും അതൃപ്തിയുണ്ടെന്നാണ് വിവരം. എന്നാല്‍ ഈ ആശയക്കുഴപ്പമാകട്ടെ ഭരണം കൈയ്യാളുന്ന എല്‍.ഡി.എഫിനാണ് ആശ്വാസമായിരിക്കുന്നത്. ഭരണസ്തംഭനമുണ്ടെന്നും അവിശ്വാസത്തിന് നോട്ടീസ് നല്‍കുമെന്നും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അംഗങ്ങള്‍ അറിയിച്ചിരുന്നു. 

എട്ട് അംഗങ്ങളുള്ള കോണ്‍ഗ്രസും നാല് അംഗങ്ങളുള്ള ബി.ജെ.പിയും ചേര്‍ന്നാല്‍ പത്ത് അംഗങ്ങളുമായി പഞ്ചായത്ത് ഭരിക്കുന്ന എല്‍.ഡി.എഫിനെ താഴെയിറക്കാന്‍ കഴിയും. കോണ്‍ഗ്രസിലെ ചിലര്‍ ഇതിനുള്ള നടപടികള്‍ ആലോചിച്ചു തുടങ്ങുന്നതിനിടക്കാണ് ബി.ജെ.പി കൂട്ടുകെട്ടിനോട് ചില കോണ്‍ഗ്രസ് നേതാക്കള്‍ അതൃപ്തി അറിയിച്ചത്. കര്‍ണാടകയിലെ രാഷ്ട്രീയ സാഹചര്യങ്ങളും വിലയിരുത്തിയാണ് നേതാക്കള്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം കേണിച്ചിറയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തിലും എതിര്‍പ്പുയര്‍ന്നു.

അതേ സമയം ഡി.സി.സി അനുവദിക്കുന്ന മുറക്ക് ബി.ജെ.പി ബാന്ധവത്തെ കുറിച്ച് ആലോചിക്കാമെന്നാണ് പാര്‍ട്ടിക്കുള്ളിലെ സംസാരം. ഇടതുഭരണം എങ്ങനെയെങ്കിലും അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസിലെ ചിലര്‍ക്കുണ്ട്. എന്നാല്‍ ഇവരിനി പരസ്യമായി രംഗത്ത് വരില്ല. ഇടതുഭരണം അവസാനിപ്പിക്കേണ്ടത് അനിവാര്യമെങ്കിലും കോണ്‍ഗ്രസുമായുള്ള കൂട്ടുകെട്ടിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് ബി.ജെ.പി നേതൃത്വം പറയുന്നു. കോണ്‍ഗ്രസ് സമീപിച്ചാല്‍ മേല്‍ഘടകങ്ങളുമായി ആലോചിക്കുമെന്നും ഇവര്‍ സൂചിപ്പിച്ചു. 

കഴിഞ്ഞ ഭരണസമിതിയില്‍ 19 അംഗങ്ങളുമായി മൃഗീയ ഭൂരിപക്ഷമായിരുന്നു യു.ഡി.എഫിനുണ്ടായിരുന്നത്. എന്നാല്‍ പൊതുവെ എല്‍.ഡി.എഫ് അനുകൂല തരംഗവും യു.ഡി.എഫിലെ ആഭ്യന്തര കലഹങ്ങളും കാരണം എട്ട് സീറ്റിലേക്ക് യു.ഡി.എഫ് ഒതുക്കപ്പെടുകയായിരുന്നു. ബി.ജെ.പിക്ക് നാലുസീറ്റ് ലഭിച്ചത് ഇരുമുന്നണികളെയും ഞെട്ടിക്കുകയും ചെയ്തു. അതേ സമയം ബി.ജെ.പി-കോണ്‍ഗ്രസ് ജില്ലാ നേതൃത്വങ്ങള്‍ അനുമതി നല്‍കുന്ന മുറയ്ക്ക് ഏത് സമയത്തും അവിശ്വാസം വരാമെന്ന സ്ഥിതിയും നിലനില്‍ക്കുകയാണ്.