ഈ മാസം പത്തിന് ഹരിദ്വാറില്‍ ബി.ജെ.പിയുടെ റാലിയ്ക്ക് നരേന്ദ്ര മോദി എത്തിയിരുന്നു. എന്നാല്‍ ഈ റാലി തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയില്ലാതെയാണ് നടത്തിയതെന്നാണ് കോണ്‍ഗ്രസ് ആരോപണം. റാലിയില്‍ പങ്കെടുത്തതിലൂടെ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാണ് പരാതി. ഇതിനെതിരെ നടപടി വേണമെന്ന് നേരത്തെ ഉത്തരാഖണ്ഡ് പി.സി.സി അധ്യക്ഷന്‍ ചീഫ് ഇലക്ട്രറല്‍ ഓഫിസര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയുണ്ടാകാത്ത പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും അടങ്ങുന്ന ഏഴംഗ കോണ്‍ഗ്രസ് സംഘം ദില്ലിയിലെത്തി തിരഞ്ഞെടുപ്പ് കമ്മിഷന് നേരിട്ട് പരാതി നല്‍കിയത്.

പ്രചാരണത്തിന് അനുവദിക്കപ്പെട്ട സമയത്തിനു ശേഷവും റോഡ് ഷോ നടത്തിയതിനെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും മുഖ്യമന്ത്രി ഹരീഷ് റാവത്തിനുമെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് മോദിക്കെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുന്നത്. ഉത്തരാഖണ്ഡ് പോലെ ചെറിയ സംസ്ഥാനത്ത് കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അവതരിപ്പിക്കാനടക്കം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആയിരം കോടിയിലധികം ബി.ജെ.പി ചെലവഴിച്ചതിനെക്കുറിച്ച് പരിശോധിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.