തിരുവനന്തപുരം: എല്‍ഡിഎഫിന്റേത് മദ്യലോബികള്‍ക്കുവേണ്ടിയുള്ള നയമെന്ന് കോണ്‍ഗ്രസ്. വോട്ടിന് ബാര്‍ എന്ന കരാര്‍ ഉണ്ടാക്കിയാണ് എല്‍ഡിഎഫ് അധികാരത്തില്‍ വന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യവ്യാപന നയത്തിനെതിരെ കോണ്‍ഗ്രസ് സംസ്ഥാന വ്യാപക പ്രതിഷേധ ധര്‍ണകളില്‍ സംസാരിക്കുകയായിരുന്നു നേതാക്കള്‍.

മദ്യമുതലാളികളുമായി സിപിഎം ഉണ്ടാക്കിയ ധാരണ അനുസരിച്ചാണ് ബാറുകള്‍ തുറന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്‌കൂളുകളും ആരാധനാലയങ്ങളും മാറ്റി സ്ഥാപിക്കേണ്ട അവസ്ഥയാണിപ്പോഴെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

പാതയോരങ്ങളിലെ മദ്യശാലകള്‍ നിയന്ത്രിക്കാനുള്ള സുപ്രീകോടതി വിധിയെ മറികടക്കാന്‍ കേരളം സ്വീകരിച്ച നടപടി നിന്ദ്യമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മദ്യവ്യാപനത്തിനെതിരെ രാഷ്ട്രീയത്തിനതീതമായി എല്ലാവരും ഒരുമിച്ച് പ്രതിഷേധിക്കണം.

തിരഞ്ഞെടുപ്പ് സമയത്തുണ്ടാക്കിയ കരാര്‍ അനുസരിച്ചാണ് ബാറുകള്‍ തുറക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്‍ ആരോപിച്ചു. ജനതാല്‍പര്യത്തെ മറന്ന് മദ്യലോബിയില്‍ നിന്ന് ലഭിച്ച പാരിതോഷികത്തിന് സര്‍ക്കാര്‍ ഇപ്പോള്‍ പ്രത്യുപകാരം ചെയ്യുകയാണെന്ന് വി.എം. സുധീരന്‍ പറഞ്ഞു. കെപിസിസി സംഘടിപ്പിച്ച ജില്ലാ ആസ്ഥാനങ്ങളിലെ ധര്‍ണയില്‍ വിവിധ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തു