ദില്ലി: തെരഞ്ഞെടുപ്പുകളിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിക്കരുതെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷബഹളത്തെ തുടർന്ന് രാജ്യസഭ സ്തംഭിച്ചു. വോട്ടിംഗ് യന്ത്രം ഒഴിവാക്കണമെന്ന് ബിഎസ്പി, എസ് പി, കോൺഗ്രസ് അംഗങ്ങൾ ആവശ്യപ്പെട്ടപ്പോൾ യന്ത്രത്തെ പിന്തുണച്ച് കേന്ദ്രസർക്കാർ രംഗത്തെത്തി.

മധ്യപ്രദേശിൽ വിവിപാറ്റിന്‍റെ പ്രദർശനത്തിനിടെ വോട്ടിംഗ് യന്ത്രത്തിൽ ചെയ്ത എല്ലാവോട്ടുകളും ബിജെപിക്കായത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ബഹളമുണ്ടാക്കിയത്. വിശ്വാസ്യത നഷ്ടപ്പെട്ട സാഹചര്യത്തിൽ വോട്ടിംഗ് യന്ത്രം ഉപേക്ഷിച്ച് ബാലറ്റിലേക്ക് മാറണമെന്ന് കോൺഗ്രസും എസ്പിയും ബിഎസ്പിയും ആവശ്യപ്പെട്ടു. 

ഉത്തർ‍പ്രദേശ് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചതായി ബിഎസ്പി നേതാവ് മായാവതി അറിയിച്ചു. എന്നാൽ ദില്ലിയിലും ബിഹാറിലും ഇല്ലാത്ത എതിർപ്പ് ഇപ്പോഴെങ്ങനെ വന്നുവെന്ന് മന്ത്രി മുക്താർ അബ്ബാസ് നഖ്വി ചോദിച്ചു

മറുപടിയിൽ തൃപ്തരാകാതെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. മൂന്നാറിൽ സംസ്ഥാനസർക്കാർ കയ്യേറ്റക്കാരെ സംരക്ഷിക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.