ന്യൂഡൽഹി: വിവാദ ഇസ്ലാമിക മതപ്രഭാഷകന്‍ സാക്കിർ നായിക്കിനെ പിന്തുണയ്ക്കുന്ന മുസ്‌ലിം ലീഗ് നിലപാടിനെ പരസ്യമായി തള്ളിപ്പറഞ്ഞ് കോൺഗ്രസ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദാണ് ലീഗ് നിലപാടിനെ എതിർക്കുന്നതായി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്.
ധാക്ക സ്ഫോടനത്തിന്റെ പേരിൽ സാക്കിർ നായിക്കിനെ അകാരണമായി വേട്ടയാടുകയാണെന്ന മുസ്‌ലിം ലീഗിന്റെ ആരോപണത്തെയാണ് ഗുലാം നബി ആസാദ് പരസ്യമായി തള്ളിപ്പറഞ്ഞത്. അഭിപ്രായസ്വാതന്ത്ര്യത്തിനും മതപ്രചാരണത്തിനുള്ള അവകാശത്തിനുമെതിരെയുള്ള നീക്കമാണ് നടക്കുന്നതെന്നും മുസ്ലീംലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതിയോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് നേതാവ് പി ടി തോമസും വിഷയത്തില്‍ ലീഗിനെ തള്ളിപ്പറഞ്ഞിരുന്നു .
അതേ സമയം സാക്കിര്‍ നായിക്ക് നാളെ മാധ്യമങ്ങളെ കാണും. സ്‌കൈപ്പ് വഴിയായിരിക്കും മാധ്യമങ്ങളെ കാണുക എന്ന് അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു. ബോളിവുഡ് താരങ്ങള്‍,അഭിഭാഷകര്‍,വിവിധ എന്‍ജിഒ അംഗങ്ങള്‍ തുടങ്ങിയ പ്രമുഖ വ്യക്തികളും അദ്ദേഹത്തോടൊപ്പം മാധ്യമങ്ങളെ കാണുമെന്നും സാക്കിര്‍ നായിക്കിന്റെ വക്താവ് അറിയിച്ചു.
