ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തെ വന്നേക്കാമെന്ന തരത്തില്‍ തലസ്ഥാനത്ത് അഭ്യൂഹങ്ങള്‍ ശക്തമാക്കുന്നു. നിലവില്‍ 2019 മെയ് മാസം വരെ പാര്‍ലമെന്റിന് കാലാവധിയുണ്ടെങ്കിലും അതിനു മുന്‍പേ തിരഞ്ഞെടുപ്പിനെ നേരിടുവാന്‍ നരേന്ദ്രമോദിയും ബിജെപിയും തീരുമാനിച്ചേക്കാം എന്നാണ് പ്രതിപക്ഷത്തെ പലനേതാക്കളും കരുതുന്നത്. 

രാജ്യത്തെ ഒന്‍പത് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കുന്നുണ്ട്. ഇതില്‍ ത്രിപുര,മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളില്‍ ഇതിനോടകം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു. കര്‍ണാടകയില്‍ മെയ് മാസത്തിലും മിസോറാമില്‍ ഡിസംബറിലും ചത്തീസ്ഗഢ്, മധ്യപ്രദേശ്,രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ജനുവരിയിലും നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുകയാണ്. അടുത്ത വര്‍ഷം മെയില്‍ ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളുടെ കാലാവധിയും തീരും ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് കഴിഞ്ഞ തവണ ഈ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്നത്. 

നിയമസഭാ-ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തണമെന്ന തന്റെ നിലപാട് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പലവട്ടം പരസ്യമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനും ഈ നീക്കത്തോട് അനുയോജ്യമായാണ് പ്രതികരിച്ചിട്ടുള്ളത്. മാത്രമല്ല ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണിയില്‍ നിന്നും ശിവസേന ഇതിനോടകം പിന്‍വാങ്ങല്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. മുന്നണിയിലെ മറ്റൊരു പ്രധാന ഘടകക്ഷിയായ ടിഡിപിയും ആ പാതയിലാണ്. ഇത്രക്കാലവും ഉറക്കത്തിലായിരുന്ന കോണ്‍ഗ്രസ് അഹമ്മദ് പട്ടേലിന്റെ രാജ്യസഭാ സീറ്റ് വിജയവും ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റവും കഴിഞ്ഞതോടെ നഷ്ടമായ ആത്മവിശ്വാസം തിരികെ പിടിച്ചിട്ടുണ്ട്. പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത രാഹുല്‍ ഗാന്ധിയാവട്ടെ മോദിയെ കടന്നാക്രമിക്കുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ കാണുന്നത്. 

ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് ഒരു വര്‍ഷം മാത്രം ശേഷിക്കേ ഇനിയുള്ള ദിവസങ്ങളില്‍ പാര്‍ട്ടികള്‍ പലതും നയം മാറ്റാനും മുന്നണി ചാടാനുമെല്ലാം സാധ്യതകള്‍ സജീവമാണ്. ഇങ്ങനെ രാഷ്ട്രീയസാഹചര്യം കൂടുതല്‍ പ്രതികൂലമായി മാറും മുന്‍പ് ഒരു പൊതുതിരഞ്ഞെടുപ്പിനെ നേരിടുന്നതാണ് നല്ലതെന്ന് ബിജെപിയും മോദിയും തീരുമാനിക്കാനുള്ള സാധ്യതകള്‍ ഏറെയാണെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്. കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ മടിക്കാത്ത മോദിയുടെ സ്വഭാവ സവിശേഷതയും ഈ നിരീക്ഷണത്തിന് അടിവരയിടാന്‍ അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യത്തില്‍ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലവും നിര്‍ണായകമായേക്കും. 

ലോക്‌സഭ തെരഞ്ഞെടുപ്പ് 2019 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങള്‍ക്ക് പകരം ഈ വര്‍ഷം നവംബറില്‍ നടക്കാനാണ് 90 ശതമാനം സാധ്യതയെന്നാണ് ഇന്നലെ ലക്‌നൗവില്‍ നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ യോഗത്തില്‍ പാര്‍ട്ടിയുടെ സീനിയര്‍ നേതാവ് ഗുലാംനബി ആസാദ് പറഞ്ഞത്.  ഇത് മുന്നില്‍ കണ്ട് പ്രചരണ പരിപാടികള്‍ നേരത്തെ തുടങ്ങാനും ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള പ്രവര്‍ത്തക അംഗം കൂടിയായ ഗുലാം നബി ആസാദ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. നേരത്തെ തെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത കണക്കിലെടുത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയം ഉള്‍പ്പടെയുള്ള എല്ലാ നടപടികളും നേരത്തെ പൂര്‍ത്തിയാക്കുമെന്ന സൂചന കോണ്‍ഗ്രസ് ദേശീയ നേതൃത്വം നല്‍കുന്നു. 

അതേസമയം നേരത്തെ തെരഞ്ഞെടുപ്പ് നടത്താനുള്ള യാതൊരു നീക്കവും ഇല്ലെന്നാണ് ഈ അഭ്യൂഹങ്ങളോട് പ്രതികരിച്ചു കൊണ്ട് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞത്. എന്നാല്‍ തെരഞ്ഞെടുപ്പ് നേരത്തെ വന്നാല്‍ അതിനായി ഒരുങ്ങേണ്ടിവരുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമസ്വരാജ് പറയുന്നു. തിരഞ്ഞെടുപ്പ് നേരത്തെ വന്നാലും ഇല്ലെങ്കിലും അവശേഷിക്കുന്ന മാസങ്ങളില്‍ പ്രതിപക്ഷ ചേരി ഇപ്പോഴുള്ളതിനെക്കാള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് കോണ്ഗ്രസ് പ്രതീക്ഷിക്കുന്നു. കോണ്‍ഗ്രസുമായി ബന്ധം വേണ്ടെന്ന് നിലപാടെടുത്ത സിപിഎമ്മും സമാജ് വാദി പാര്‍ട്ടിയമുടക്കമുള്ളവര്‍  ഈ വര്‍ഷം തങ്ങള്‍ക്കൊപ്പം ചേരുമെന്നാണ് കോണ്‍ഗ്രസ് ഉറച്ചു വിശ്വസിക്കുന്നത്.