ദില്ലി: ടുജി സ്പെക്ട്രം വിധി രാജ്യസഭയിലും ചര്‍ച്ചയാകുന്നു. വിഷയം ഗുലാം നബി ആസാദ് സഭയില്‍ ഉന്നയിച്ചു. ആരോപണങ്ങളെല്ലാം തെറ്റാണെന്ന് തെളിഞ്ഞതായി ആസാദ് പറഞ്ഞു. ഏത് കേസ് മൂലമാണോ ഞങ്ങൾ പ്രതിപക്ഷത്തും നിങ്ങൾ ഭരണപക്ഷത്തുമെത്തിയത് ആ കേസ് തന്നെ ഇല്ലാതായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ പരാമര്‍ശങ്ങള്‍ സഭാ രേഖകളിൽ ഉൾപ്പെടുത്തില്ലെന്ന് സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ മന്‍മോഹന്‍ സിങ്ങിനെതിരായ പാക് പരാമര്‍ശത്തില്‍ ലോകസഭയ്ക്ക് പിന്നാലെ രാജ്യസഭയിലും പ്രതിപക്ഷ ബഹളം നടന്നു. ഗുലാം നബി ആസാദ് തന്നെയാണ് രാജ്യസഭയില്‍ ഈ വിഷയവും ഉന്നയിച്ചത്. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വച്ചതോടെ സഭ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെതിരായ പാക് ഗൂഢാലോചന ആരോപണത്തില്‍ മോദി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്‍റിലെ ഇരുസഭകളും ഇന്നലെയും പ്രക്ഷുബ്ധമായി. മന്മോഹന്‍ സിങ് പാകിസ്ഥാനുമായി ഗൂഢാലോചന നടത്തിയെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പറഞ്ഞത്.

പ്രധാനമന്ത്രി സഭയിലെത്തി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചതോടെ ലോകസഭ രണ്ടുതവണ തടസപ്പെട്ടു. രാജ്യസഭയിലും പ്രതിപക്ഷം ബഹളം വയ്ക്കുകയും നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തതോടെ രണ്ടു തവണ തടസപ്പെട്ട സഭ ഇന്നലെ നേരത്തെ പിരിയുകയായിരുന്നു.