2004ലെ മുണ്ടുരിയൽ നാണക്കേടും പരസ്യവിഴുപ്പലക്കലുകളും ഓർമ്മിപ്പിക്കുന്ന രീതിയിലേക്കാണ് കോൺഗ്രസ് പോര് മുറുകുന്നത് . എതിർക്യാമ്പിൽ നിന്നും മറുപടി ഉയരുമ്പോഴും മുരളിക്ക് കുലുക്കമില്ല. നേതൃത്വത്തിനെതിരായ തുറന്ന് പറച്ചിലിൽ ഉറച്ച് നിൽക്കുന്ന മുരളി സുധീരന് വേണ്ടിയിറങ്ങിയ രാജ് മോഹൻ ഉണ്ണിത്താനെ കടന്നാക്രമിച്ചു.
എ ഗ്രൂപ്പ് നാവായി പഴയ ഐ നേതാവ് മുരളി ഇറങ്ങുമ്പോൾ സുധീരന് വേണ്ടി രംഗത്തെന്നതും പഴയ ഐ നേതാവ് ഉണ്ണിത്താൻ. ലീഡറുടെ ശ്രാദ്ധത്തിൽ പങ്കെടുക്കാതെ ഗൾഫിൽ പിണറായിക്കൊപ്പം കോൺഗ്രസ് വിമതരുടെ പരിപാടിയിൽ മുരളി എത്തിയെന്നാണ് വിമർശനം. സോളാർ കാലത്ത് ഉമ്മൻചാണ്ടിക്കായി ചാവേറായ കാര്യം കൂടി ഓർമ്മിപ്പിക്കുന്ന ഉണ്ണിത്താന്റെ വിമർശനം എ ക്യാമ്പിലേക്ക് തന്നെ.
വിമർശനങ്ങൾക്ക് സുധീരൻ മറുപടി നൽകുമെന്ന സൂചന ഉണ്ടായെങ്കിലും കെപിസിസി അധ്യക്ഷൻ ഇന്ന് മാധ്യമങ്ങളെ കണ്ടില്ല. എന്നാൽ രമേശ് എല്ലാ വിമർശനങ്ങളെയും സ്വാഗതം ചെയ്തു
അതിനിടെ നിർണ്ണായകനീക്കത്തിലൂടെ എ ഗ്രൂപ്പ് മുരളിയെ പിന്തുണച്ചു. മുരളി ഉന്നയിച്ച കാര്യങ്ങൾ പാർട്ടി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെസി ജോസഫ് സുധീരന് കത്തയച്ചു. ഉണ്ണിത്താന്റെ വിമർശനങ്ങൾ പാർട്ടി നയമാണോയെന്ന് വ്യക്തമാക്കണമെന്നും വക്താക്കളെ നിയന്ത്രിക്കണമെന്നുമുള്ള എ ഗ്രൂപ്പിന്റെ ആവശ്യം സുധീരനെ കടുത്ത സമ്മർദ്ദത്തിലാക്കാനാണ്.
