Asianet News MalayalamAsianet News Malayalam

കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യം മൂന്നുമാസം തികയ്ക്കില്ലെന്ന് സദാനന്ദ ഗൗഡ

  • ഭൂരിപക്ഷമുണ്ടാക്കാനുളള ശ്രമങ്ങൾ തത്കാലമില്ല
  • ബുധനാഴ്ച അധികാരമേൽക്കൽ, വ്യാഴാഴ്ച വിശ്വാസവോട്ടെടുപ്പ്
congress jds alliance wont complete three months

ബെംഗളൂരു: കുമാരസ്വാമി സർക്കാർ വ്യാഴാഴ്ച വിശ്വാസവോട്ട് തേടാനിരിക്കെ, ഭൂരിപക്ഷമുണ്ടാക്കാനുളള ശ്രമങ്ങൾ തത്കാലമില്ലെന്ന് ബിജെപി. മൂന്ന് മാസത്തിനുളളിൽ കോൺഗ്രസ് - ജെഡിഎസ് സർക്കാർ താഴെവീഴുമെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതിനിടെ എംഎൽഎമാരെ സ്വാധീനിക്കാൻ ഇനിയും ശ്രമം നടന്നേക്കുമെന്ന ആശങ്കയിൽ അവരെ റിസോർട്ടിൽ തന്നെ പാർപ്പിക്കുകയാണ് കോൺഗ്രസും ജെഡിഎസും.

വിശ്വാസവോട്ടിന് നിൽക്കാതെ യെദ്യൂരപ്പ രാജിവെച്ചൊഴിഞ്ഞെങ്കിലും ബിജെപി ക്യാമ്പിനിപ്പോഴും വിശ്വാസമുണ്ട്. പതിനാല് പേർ മറുകണ്ടംചാടിയാൽ എപ്പോൾ വേണമെങ്കിലും ഭരണം കയ്യിൽ വരുമെന്ന കണക്കുകൂട്ടലുണ്ട്. ആദ്യ ചുവട് പാളി. കുമാരസ്വാമി മുഖ്യമന്ത്രിയാവുകയാണ്. ബുധനാഴ്ച അധികാരമേൽക്കൽ, വ്യാഴാഴ്ച വിശ്വാസവോട്ടെടുപ്പ്. ഡി കെ ശിവകുമാറിന്‍റെ തന്ത്രങ്ങളും കൈക്കൂലി ടേപ്പുകളും പ്രതിരോധത്തിലാക്കിയ ബിജെപി തത്കാലം ഒന്നിനുമില്ലെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ പറയുന്നു. ജെഡിഎസിനും കോൺഗ്രസിനുമില്ലാത്ത പ്രതീക്ഷയാണ് മന്ത്രിസഭാ രൂപീകരണ ചർച്ചകളിൽ ബിജെപിക്കുണ്ടെന്ന വസ്തുത സദാനന്ദ ഗൗഡ മറച്ചുവക്കുന്നുമില്ല. ഇപ്പോള്‍ തന്നെ തമ്മിലടി തുടങ്ങിയിരിക്കുന്ന കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യം മൂന്നുമാസം തികയ്ക്കില്ലെന്ന് സദാനന്ദ ഗൗഡ പറയുന്നു. 

ജയനഗർ, ആർ ആർ നഗർ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളിലേക്ക് നീങ്ങിയിരിക്കുകയാണ് നേതൃത്വം. അനന്ത് കുമാറിനും സദാനന്ദ ഗൗഡക്കും ചുമതല നൽകി. സഭയിൽ അംഗസംഖ്യ കൂട്ടിയാൽ മാത്രമേ ഇനി വിശ്വാസം ജയിക്കാൻ വഴിയുളളൂ. അതേസമയം ബിജെപി വെറുതെയിരിക്കില്ലെന്ന് കോൺഗ്രസ് ജെഡിഎസ് ക്യാമ്പിന് ബോധ്യമുണ്ട്. എംഎൽഎമാരിപ്പോഴും റിസോർട്ടിലാണ്. ചാക്കിൽ വീഴില്ലെന്ന് ഉറപ്പുളള നേതാക്കൾക്ക് മാത്രമാണ് മണ്ഡലങ്ങളിലെത്താൻ അനുമതി നൽകിയത്. ഇരുകക്ഷികളിലെയും ബാക്കിയുളളവർ ഇതിൽ അസംതൃപ്തരാണെന്നും റിപ്പോർട്ടുണ്ട്. വിശ്വാസം ജയിച്ച ശേഷം മാത്രമേ പുറത്തുപോകാവു എന്നാണ് നിർദേശം.

Follow Us:
Download App:
  • android
  • ios