''ദില്ലി ഹൈക്കോടതിയുടെ ശിക്ഷാവിധിയെ തുടർന്ന് ഇന്ത്യൻ നാഷണൽ കോൺ​ഗ്രസിന്റെ പ്രാഥമികാം​ഗത്വം രാജിവയ്ക്കാൻ ഞാൻ ആ​ഗ്രഹിക്കുന്നതായി അറിയിക്കുന്നു.'' രാഹുൽ ​ഗാന്ധിക്ക് സജ്ജൻകുമാർ അയച്ച കത്തിൽ പറയുന്നു. 

ദില്ലി: സിഖ് വിരുദ്ധ കലാപത്തിൽ ദില്ലി ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച കോൺ​ഗ്രസ് നേതാവ് സജ്ജൻ കുമാർ പാർട്ടിയിലെ പ്രാഥമികാം​ഗത്വം രാജി വയ്ക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. രാജിസന്നദ്ധത അറിയിച്ച് കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധിക്ക് കത്തയച്ചിട്ടുണ്ട്. ''ദില്ലി ഹൈക്കോടതിയുടെ ശിക്ഷാവിധിയെ തുടർന്ന് ഇന്ത്യൻ നാഷണൽ കോൺ​ഗ്രസിന്റെ പ്രാഥമികാം​ഗത്വം രാജിവയ്ക്കാൻ ഞാൻ ആ​ഗ്രഹിക്കുന്നതായി അറിയിക്കുന്നു.'' രാഹുൽ ​ഗാന്ധിക്ക് സജ്ജൻകുമാർ അയച്ച കത്തിൽ പറയുന്നു. 

നാല് പതിറ്റാണ്ടായി സജീവ കോൺ​ഗ്രസ് പ്രവർത്തകനാണ് സജ്ജൻ കുമാർ. എന്നാൽ ആരോപണ വിധേയനായതിനെ തുടർന്ന് കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി പാർ‌ട്ടിയുടെ പ്രധാന പ്രവർത്തനങ്ങളിൽ നിന്ന് ഇദ്ദേഹത്തെ മാറ്റി നിർത്തിയിരിക്കുകയായിരുന്നു. 34 വർഷത്തിന് ശേഷമാണ് സജ്ജൻകുമാറിന് ശിക്ഷ ലഭിക്കുന്നത്. സിഖുകാരുടെ വെടിയേറ്റ് മുൻ പ്രധാനമന്ത്രി ഇന്ദിരാ​ഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്നാണ് സിഖ് വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെടുന്നത്. ഈ സംഭവത്തിൽ സജ്ജൻകുമാറിനെ വിചാരണക്കോടതി കുറ്റവിമുക്തനാക്കി പ്രഖ്യാപിച്ചിരുന്നു. ഇത് റദ്ദാക്കിയാണ് ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഡിസംബർ 31 നകം കീഴടങ്ങാനും സജ്ജൻ കുമാറിന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.