നിലവില്‍  പ്രതിനിധീകരിക്കുന്ന വരുണ മണ്ഡലത്തില്‍ മകനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയാണ് സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയിലേക്ക് മത്സരം മാറ്റിയത്

ബെംഗളൂരു: ആസന്നമായ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ മത്സരിക്കുന്ന മണ്ഡലത്തെ ചൊല്ലി പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നത രൂക്ഷമാവുന്നു. കടുത്ത മത്സരം നടക്കുന്ന മൈസൂരി ജില്ലയിലെ ചാമൂണ്ഡേശ്വരിക്ക് പകരം സുരക്ഷിതമായൊരു മണ്ഡലത്തില്‍ നിന്നും വേണം മുഖ്യമന്ത്രി മത്സരിക്കാനെന്നാണ് പാര്‍ട്ടിയില്‍ ഉയര്‍ന്നിരിക്കുന്ന അഭിപ്രായം. 

നിലവില്‍ താന്‍ പ്രതിനിധീകരിക്കുന്ന വരുണ മണ്ഡലത്തില്‍ മകനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയാണ് സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയിലേക്ക് മത്സരം മാറ്റിയത്. സിദ്ധരാമയ്യ പണ്ട് സ്ഥിരമായി മത്സരിച്ചു ജയിച്ചിരുന്ന ഈ മണ്ഡലമിപ്പോള്‍ ജനതാദള്‍ എസിന്റെ ശക്തികേന്ദ്രമായാണ് അറിയപ്പെടുന്നത്. മുന്‍പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി ദേവഗൗഡയുടെ വെല്ലുവിളി ഏറ്റെടുത്താണ് സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയിലെത്തിയത്. 

നിര്‍ണായകമായ ഈ സമയത്ത് സമയത്ത് തന്റെ ദുരഭിമാനം മുഖ്യമന്ത്രി മാറ്റിവയ്ക്കണം. ചാമുണ്ഡേശ്വരിയില്‍ തീര്‍ച്ചയായും അദ്ദേഹം വിജയിക്കും. എന്നാല്‍ അതിനായി അദ്ദേഹം കൂടുതല്‍ സമയം മണ്ഡലത്തില്‍ ചിലവിടുകയും കഠിനദ്ധ്വനംം ചെയ്യുകയും വേണ്ടി വരും. സ്വാഭാവികമായും കടുത്ത മത്സരം നടക്കുന്ന മറ്റു മണ്ഡലങ്ങളില്‍ അദ്ദേഹത്തിന് വേണ്ട രീതിയില്‍ പ്രചരണം നടത്താന്‍ സാധിക്കാത്ത വരികയും ചെയ്യും .....കര്‍ണാടകയിലെ ഒരു കോണ്‍ഗ്രസ് നേതാവിനെ ഉദ്ധിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.