പോര് നേതൃമാറ്റത്തിലേക്ക് നേതൃത്വം മാറണമെന്ന് ബൽറാം വിട്ടു വീഴ്ചയില്ലാതെ സുധീരൻ
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ്സിന് നൽകിയതിനെ ചൊല്ലി കോൺഗ്രസ്സിലെ കലാപം രൂക്ഷമാകുന്നു. സംസ്ഥാന നേതൃത്വത്തിനെതിരെ ഗ്രൂപ്പ്, പ്രായഭേതമന്യേ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. നേതൃമാറ്റമെന്ന ആവശ്യത്തിലേക്കാണ് നേതാക്കള്‍ എത്തിയിരിക്കുന്നത്. സംസ്ഥാന കോൺഗ്രസ്സ് മെച്ചപ്പെട്ട നേതൃത്വത്തെ അർഹിക്കുന്നതായി യുവ എംഎല്‍എ വിടി ബൽറാം തുറന്നടിച്ചു. കോൺഗ്രസ്സിലെ ചിലരെ വെട്ടാൻ ദില്ലിയിൽ അട്ടിമറി നടന്നതായും വിഎ സുധീരനും കുറ്റപ്പെടുത്തി.
അനുനയനീക്കങ്ങൾ എല്ലാ പൊളിഞ്ഞതോടെ ഉമ്മൻചാണ്ടിക്കും ചെന്നിത്തലക്കും ഹസ്സനുമെതിരെ രണ്ടും കല്‍പിച്ച് ഒരു കൂട്ടം നേതാക്കൾ പോരിനിറങ്ങിയിരിക്കുകയാണ്. സീറ്റ് മാണിക്ക് അടിയറവെക്കാൻ തീരുമാനിച്ച നേതാക്കൾ മാറണമെന്ന് വിടി ബൽറാം ആവശ്യപ്പെട്ടു. ചർച്ച കൂടാതെ തീരുമാനിക്കാൻ രണ്ടോ മൂന്നോ നേതാക്കൾക്ക് എന്ത് മാൻഡേറ്റാണുള്ളതെന്നാണ് ചോദ്യം.
പൊതു സമൂഹത്തിന് മുന്നിൽ വിശ്വാസ്യത പുലർത്തുന്ന, സ്വന്തം അധികാരപദവിക്കപ്പുറം കോൺഗ്രസ്സിൻറെ മതേതര കേരളത്തിന്റെയും ഭാവിയെ കുറിച്ച് ആത്മാർത്ഥമായി ചിന്തിക്കുന്ന നേതൃത്വമുണ്ടാകേണ്ടത് കാലഘട്ടത്തിൻറെ അനിവാര്യതയാണ്. സംസ്ഥാന കോൺഗ്രസ് മെച്ചപ്പെട്ട നേതൃത്വം ആഗ്രഹിക്കുന്നുവെന്ന ഹാഷ് ടാഗിലാണ് ബൽറാമിൻറെ എഫ് ബി പോസ്റ്റ്.
മുന്നണി ശക്തിപ്പെടലാണ് ലക്ഷ്യമെന്ന ഹസ്സൻറെയും ഉമ്മൻചാണ്ടിയുടേയും ചെന്നിത്തലയുടേയും വിശദീകരണം തള്ളി യ സുധീരൻ വിട്ട് വീഴ്ചക്കില്ലെന്ന് ആവർത്തിച്ചു വ്യക്തമാക്കി. കൊല്ലം സീറ്റ് ആർഎസ് പിക്ക് നൽകിയത് ചർച്ചയില്ലാതെയെന്ന് ഹസ്സനറെ പ്രസ്താവന സുധീരൻ ചർച്ചയുടെ വിവരം അടങ്ങിയ. പത്രകട്ടിംഗുങ്ങൾ കാണിച്ച് തള്ളി. എന്നാല്‍ പ്രതിഷേധം സ്വാഭാവികമാണെന്നും ലോക്സഭാ തെരഞ്ഞെടുപ്പ് വിജയമാണ് ലക്ഷ്യമെന്ന് ഹസ്സൻ വിശദീകരിച്ചു
ജോസ് കെ മാണിക്ക് സീറ്റ് നൽകാനുള്ള തീരുമാനം സാധാരണ പ്രവർത്തകരുടെ ക്ഷമ പരീക്ഷിക്കുന്നതാണെന്ന് കെഎസ് ശബരീനാഥൻ എംഎൽഎയും തുറന്നടിച്ചു. അതേസമയം രാജ്യസഭാ സീറ്റ് വിവാത്തില്‍ പ്രതിഷേധങ്ങൾ അവസാനിച്ചെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ പറഞ്ഞു. ഇനി യോജിച്ച് മുന്നേറണം, അടുത്ത യു.ഡി.എഫ് യോഗത്തിൽ പങ്കെടുക്കും. പ്രതിഷേധിക്കേണ്ട സമയമെല്ലാം കഴിഞ്ഞുവെന്നും മുരളീധരന്‍ പറഞ്ഞു.
